ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായി

Vicechancellor

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആസ്ഥാനമായ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോള്‍ മരുതമലൈ റോഡിലുള്ള യൂണിവേഴ്‌സിറ്റിക്ക് എതിര്‍വശത്തെ ഔദ്യോഗികവസതിയില്‍വെച്ചാണ് വി.സി.എ. ഗണപതിയെ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡി.വി.എ.സി.) സംഘം അറസ്റ്റ് ചെയ്തത്.

വിജിലന്‍സ് പൊടിപുരട്ടി നല്‍കിയ രൂപ സ്വീകരിക്കുമ്പോള്‍ വി.സി.യെ കൈയോടെ പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് പ്രൊഫ. തസ്തികയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് 30 ലക്ഷം രൂപയാണ് കൈക്കൂലിയായി ഗണപതി ആവശ്യപ്പെട്ടതെന്ന് പരാതിക്കാരനായ ടി. സുരേഷ് പറഞ്ഞു. 29 ലക്ഷത്തിന്റെ ചെക്കും കൊടുത്തിട്ടുണ്ട്.

വിജിലന്‍സ് സംഘത്തോടൊപ്പം റവന്യൂ അധികൃതരും എത്തിയിരുന്നു. രസതന്ത്രവിഭാഗത്തിലെ അധ്യാപകനാണ് സുരേഷ്. ഇതേ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസര്‍ ധര്‍മരാജനെയും കൂട്ടുപ്രതിയാക്കിയിട്ടുണ്ട്. കൈക്കൂലി കൊടുക്കുന്നതിന് ഒത്താശ ചെയ്തു എന്നതാണ് ധര്‍മരാജനെതിരെയുള്ള കുറ്റം.

വി.സി.യുടെ വീടിന് പരിസരത്തായി ശനിയാഴ്ച 50 ലധികം പോലീസുകാരും നിലയുറപ്പിച്ചിരുന്നു. 2016 മാര്‍ച്ചിലാണ് ഗണപതിയെ വൈസ് ചാന്‍സലറായി നിയമിച്ചത്. നിയമനം ലഭിച്ച് അധികം വൈകുന്നതിനുമുമ്പ് ഒട്ടേറെ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വൈസ് ചാന്‍സലര്‍ നിയമിച്ചത് വിവാദമായിരുന്നു.

തുടര്‍ന്ന്, നിയമനം നിര്‍ത്താന്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടെങ്കിലും നിയമന നടപടികളുമായി വി.സി. മുന്നോട്ട് പോയി. കവി സുബ്രഹ്മണ്യഭാരതിയുടെ സ്മാരകാര്‍ഥം 1982ല്‍ എം.ജി.ആര്‍. ഭരണകാലത്താണ് ഈ സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ചത്. തമിഴ്‌നാട് ഗവര്‍ണറാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍.

Top