കൈക്കൂലി വാങ്ങി; ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍ പിടിയില്‍

ന്യൂഡല്‍ഹി: ചരക്ക്-സേവനനികുതിയുമായി (ജി.എസ്.ടി.) ബന്ധപ്പെട്ട് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സ്പെഷ്യല്‍ ഓഫീസര്‍ (ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി) ഗോപാല്‍ കൃഷ്ണ മാധവിനെ സി.ബി.ഐ. അറസ്റ്റുചെയ്തു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ഗോപാല്‍ കൃഷ്ണ മാധവിനെ പിടികൂടിയത്. ഗോപാല്‍ കൃഷ്ണയെ അറസ്റ്റുചെയ്ത വിവരം സിസോദിയ സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ഉടന്‍ കടുത്തശിക്ഷ നല്‍കണമെന്ന് സിസോദിയ ട്വീറ്റ് ചെയ്തു.

2015-ലാണ് ഗോപാല്‍ കൃഷ്ണ സിസോദിയയുടെ ഓഫീസില്‍ നിയമിക്കപ്പെട്ടത്. അതേസമയം, സംഭവത്തില്‍ എ.എ.പി.യെ വിമര്‍ശിച്ച് ബി.ജെ.പി. രംഗത്തെത്തി. ഡല്‍ഹിയെ എ.എ.പി. ചതിക്കുകയാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. ‘അണ്ണ ഹസാരെയുടെ പിന്തുണയോടെ അഴിമതിക്കെതിരേ രൂപവത്കരിച്ച എ.എ.പി. ഡല്‍ഹിയെ ചതിച്ചു. പണം സ്വീകരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സ്പെഷ്യല്‍ ഓഫീസര്‍ കൈയോടെ പിടിക്കപ്പെട്ടു. ഇനിയെന്ത് പറയാന്‍’ – ബി.ജെ.പി. ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി ട്വിറ്ററില്‍ കുറിച്ചു.

Top