കരീബിയന്‍ രാജകുമാരന് 51 വയസ്സ്; ആശംസകളുമായി ക്രിക്കറ്റ് ലോകം

സ്‌പെയിന്‍: കരീബിയന്‍ രാജകുമാരന് പിറന്നാള്‍ ആശംസിച്ച് ക്രിക്കറ്റ് ലോകം. 51 വയസ്സ് തികഞ്ഞ ലാറക്ക് വിവിധ കോണുകളില്‍ നിന്ന് ആശംസകളുടെ പ്രവാഹമാണ്. 90കളോടെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, ക്ലൈ ലോയ്ഡ്, ഗോര്‍ഡണ്‍ ഗ്രീന്റിജ് എന്നീ ഇതിഹാസ താരങ്ങള്‍ വിരമിച്ചതോടെ പ്രതാപികളായിരുന്ന വെസ്റ്റിന്‍ഡീസ് ബാറ്റിങിനെ പിടിച്ച് നിര്‍ത്തിയത്

കരീബിയന്‍ രാജകുമാരന്‍ 1996 ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തെടുത്ത ക്ലാസിക് ഇന്നിങ്‌സ് അനുസ്മരിച്ചാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ട്വിറ്ററിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്നത്. അന്ന് 94 പന്തില്‍ 111 റണ്‍സെടുത്ത ലാറ ടീമിനെ ഫൈനലിലെത്തിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിങ് എന്നീ താരങ്ങളും താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ ആശംസയുമായെത്തിയിരിക്കുകയാണ്.

റോഡ്‌സേഫ്റ്റി വേള്‍ഡ് സീരിസിനായി ലാറ മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയെങ്കിലും കോവിഡ് വ്യാപനം മൂലം ടൂര്‍ണമെന്റ് പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ഉയര്‍ന്ന സ്‌കോറിനുള്ള റെക്കോഡ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോക്കാരന് സ്വന്തമാണ്.

2004 ആന്റിഗ്വ റിക്രിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ 400 റണ്‍സ് അടിച്ചുകൂട്ടിയാണ് ലാറ ചരിത്രമെഴുതിയത്. അതിനും കൊല്ലങ്ങള്‍ക്ക് മുമ്പേ തന്നെ നീളമേറിയ ഫോര്‍മാറ്റിലെ താരം താന്‍ തന്നെയെന്ന് ലാറ തെളിയിച്ചിരുന്നു. 1994ല്‍ വാര്‍വിക്‌ഷെയറിനായി പുറത്താകാതെ 501 റണ്‍സ് നേടിയാണ് ഫസ്റ്റ് ക്ലാസ് റെക്കോഡിട്ടത്.

എഡ്ജ്ബാസ്റ്റണില്‍ ഡര്‍ഹാമിനെതിരായിരുന്നു ക്ലാസിക് ഇന്നിങ്‌സ്. 53 സെഞ്ച്വറികള്‍ സഹിതം 22, 358 റണ്‍സ് വാരിക്കൂട്ടിയ കരിയറിന് 2007ലയാണ് ലാറ വിരാമമിട്ടത്. വെസ്റ്റിന്‍ഡീസിനായി 131 ടെസ്റ്റുകളില്‍ നിന്നും 11953 റണ്‍സും 299ഏകദിനങ്ങളില്‍ നിന്നും 10405 റണ്‍സും നേടി. ലാറയോടുള്ള ആദര സൂചകമായി ജന്മനാട്ടില്‍ ‘ബ്രയാന്‍ ലാറ സ്‌റ്റേഡിയം’ പണികഴിപ്പിച്ചു.

വിരമിച്ച ശേഷം വിവിധ ഡിസൈനര്‍മാരെ പ്രതിനിധീകരിച്ച് ഫാഷന്‍ റാംപിലും ലാറ ചുവടുവെച്ചു. കാരികോം (കരിബിയന്‍ സമൂഹം) മെഡല്‍ ഓഫ് ഓണര്‍ സ്വന്തമാക്കിയ ലാറക്ക് ആസ്‌ട്രേലിയ ബഹുമാനസൂചകമായി പൗരത്വം സമ്മാനിക്കുകയും ചെയ്തു.

Top