ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ബ്രെക്സിറ്റ് വ്യാപാരക്കരാറായി

ദീർഘാനാളായി നിന്ന ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ബ്രെക്സിറ്റ് വ്യാപാരക്കരാറായി. കഴിഞ്ഞ ജനുവരി അവസാനം ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ വിട്ടതിനു ശേഷമുള്ള പരിവർത്തന കാലഘട്ടം അവസാനിക്കുന്നതിന് 7 ദിവസം ബാക്കി നിൽക്കെയാണ് ഇരു പക്ഷത്തിനും സ്വീകാര്യമായ കരാറിലെത്തിയത്.

ശ്രമകരവും ദുർഘടവുമായ വഴികൾ താണ്ടിയുള്ള ചർച്ചകൾക്കു ശേഷം കരാറായതിൽ ആശ്വാസവും സംതൃപ്തിയുമുണ്ടെന്നു ഇന്നലെ വൈകിട്ടു ബ്രസൽസിൽ നടത്തിയ മാധ്യമസമ്മേളനത്തിൽ യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വൊൺ ദെർ ലെയൻ പറഞ്ഞു.സാധ്യമായതിൽ മികച്ച കരാറാണെന്ന് ലണ്ടനിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതികരിച്ചു. ബ്രിട്ടൻ ഇനി മുതൽ യൂറോപ്യൻ നീതിന്യായക്കോടതിയുടെ കീഴിൽ വരില്ല. യുകെയിൽ നിന്നുള്ള വിദ്യാർഥികൾക്ക് യൂറോപ്യൻ സർവകലാശാലാപഠനത്തിനു പിന്തുണ നൽകിയിരുന്ന ഇറാസ്മസ് പദ്ധതി നിർത്തലാക്കി പുതിയ ആഗോള പദ്ധതി രൂപീകരിക്കും

Top