brexit result not affected indian economy

ദില്ലി: ബ്രെക്‌സിറ്റ് ഫലം ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇന്ത്യയുടേത് ശക്തമായ സാമ്പത്തിക അടിത്തറയാണെന്നും അതുകണ്ട് തന്നെ ബ്രെക്‌സിറ്റ് ഫലത്തിന്റെ ആദ്യ ആശങ്ക പിന്നിട്ടാല്‍ പൂര്‍വ്വാവസ്ഥയിലേക്ക് കരകയറാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സാധിക്കുമെന്നും ഇന്ത്യന്‍ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.

ബ്രെക്‌സിറ്റ് ഫലത്തിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ആഗോള വിപണിയിലും ഇന്ത്യന്‍ ഓഹരി വിപണിയിലും വലിയ സാമ്പത്തിക ചലനങ്ങളാണ് രേഖപ്പെടുത്തിയത്.

വിദേശ നാണ്യവിപണിയില്‍ രൂപ തകര്‍ച്ച നേരിടുകയും സെന്‍സെക്‌സ് 1000 പോയിന്റ് ഇടിയുകും ചെയ്തു. ഡോളറിനെതിരെ രൂപ 68 എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം.

ആഗോള വിപണിയിലെ സ്വര്‍ണ വിലയിലും വലിയ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഒറ്റത്തവണയായി 480 രൂപയാണ് വര്‍ധിച്ചത്.

ബ്രിട്ടന്റെ ഔദ്യോഗിക കറന്‍സിയായ പൗണ്ടിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്നു ഹിതപരിശോധന പൂര്‍ത്തിയായപ്പോള്‍ നേരിട്ടത്.

അതേസമയം ബ്രെക്‌സിറ്റ് ഫലത്തെ വിലകുറച്ച് കാണാനാവില്ലെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ പ്രതികരിച്ചു

Top