Brexit Impact retaliates IT, Smart City will overcome

കൊച്ചി: യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍മാറ്റം ഇന്ത്യന്‍ ഐടി കമ്പനികളെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഐടി ബിസിനസിന്റെ 30% യൂറോപ്പിലാണ്. അതുകൊണ്ടു തന്നെ പൗണ്ടിന്റെ വിലയിടിവ് നിലവിലുള്ള സോഫ്റ്റ്‌വെയര്‍ കരാറുകളില്‍ വന്‍ നഷ്ടത്തിനും ഇടയാക്കും.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളുടെ വലിയൊരു ഭാഗം വിപണിയും ബ്രിട്ടനും യൂറോപ്പുമാണ്. ആസ്ഥാനം ലണ്ടനിലുമാണ്. മിക്ക കമ്പനികള്‍ക്കും ബ്രിട്ടനിലെ പ്രവര്‍ത്തനം ചുരുക്കി പ്രവര്‍ത്തനത്തിന് ഇനി മറ്റൊരു യൂറോപ്യന്‍ നഗരത്തില്‍ ആസ്ഥാനം സൃഷ്ടിക്കേണ്ടി വരും.

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ പോലുള്ള വന്‍കിട കമ്പനികളെയെല്ലാം ബ്രെക്‌സിറ്റ് ബാധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

കേരളത്തിലെ പല ഐടി കമ്പനികള്‍ക്കും ബ്രിട്ടീഷ് ബാങ്കുകളുമായി ഇടപാടുണ്ട്. എച്ച്എസ്ബിസി പോലുള്ള ബ്രിട്ടീഷ് ബാങ്കുകളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് ബാങ്കിങ്ങ് മേഖല.

ബ്രെക്‌സിറ്റിനു കാരണം തന്നെ ബ്രിട്ടനിലെ തൊഴിലവസരങ്ങള്‍ കുറയുന്നു എന്ന ആരോപണമായതിനാല്‍ ബിപിഒകോള്‍ സെന്റര്‍ ബിസിനസിലും കുറവുണ്ടായേക്കും.

യൂറോപ്പിലെ അനിശ്ചിതത്വം ഐടി കമ്പനികളുടെ വളര്‍ച്ചയെ കുറച്ചു കാലത്തേക്കു ബാധിച്ചേക്കാമെന്നാണു സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ സംഘടനയായ നാസ്‌കോമും വിലയിരുത്തുന്നത്.

അതേസമയം, ബ്രെക്‌സിറ്റ് നേരിട്ടു പ്രയോജനം ചെയ്യുന്ന ഒന്ന് സ്മാര്‍ട് സിറ്റി പ്രോജക്ടുകളാണ്. യൂറോപ്പിന്റെ ഭാഗമായ മാള്‍ട്ടയിലും സ്മാര്‍ട് സിറ്റി ഉള്ളതാണ് ആശ്വാസമാകുന്നത്.

ഐടി രംഗത്ത് യൂറോപ്പുമായി ഇടപെടാന്‍ സാധാരണ കമ്പനികള്‍ ലണ്ടനിലാണ് ഓഫീസ് തുറക്കുന്നതും പ്രവര്‍ത്തനം നടത്തുന്നതും. വടക്കന്‍ ആഫ്രിക്കയ്ക്കും ഇറ്റലിക്കും അരികെ മാള്‍ട്ട ദ്വീപിലെ സ്മാര്‍ട്‌സിറ്റി മാള്‍ട്ട ഇനി സ്വാഭാവികമായും അനേകം ഐടി കമ്പനികളുടെ ലക്ഷ്യമാവുമെന്ന് വിലയിരുത്തപ്പെടുന്നു.

നിലവില്‍ ദുബായിലെയും മാള്‍ട്ടയിലെയും കൊച്ചിയിലെയും സ്മാര്‍ട്‌സിറ്റികള്‍ ചേര്‍ന്നൊരു ശൃംഖലയുണ്ട്. മാള്‍ട്ടയില്‍ കൂടുതല്‍ കമ്പനികളുടെ വരവ് കൊച്ചി സ്മാര്‍ട്‌സിറ്റിക്കും അതിനാല്‍ പ്രയോജനപ്പെടും.

നൈജീരിയയിലെ ലാഗോസിലും ദക്ഷിണകൊറിയയിലെ സോളിലും സ്മാര്‍ട് സിറ്റി സ്ഥാപിക്കാന്‍ കരാറായിട്ടുണ്ട്. അവയും ഈ സ്മാര്‍ട്‌സിറ്റി ശൃംഖലയുടെ ഭാഗമാവും.

Top