Brexit Impact: Arun Jaitley’s statement

ന്യൂഡല്‍ഹി: ബ്രിട്ടണിലെ ഹിതപരിശോധന ഫലത്തില്‍ ലോകവിപണി ആശങ്കയില്‍. അതേസമയം, ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളെ നേരിടാന്‍ ഇന്ത്യ തയ്യാറെടുത്തതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തികാടിത്തറ ശക്തമാണെന്ന് ഇരുവരും വ്യക്തമാക്കി.

ബ്രെക്‌സിറ്റ് ഫലം ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടേത് ശക്തമായ സാമ്പത്തിക അടിത്തറയാണെന്നും അതുകൊണ്ട് തന്നെ ബ്രെക്‌സിറ്റ് ഫലത്തിന്റെ ആദ്യ ആശങ്ക പിന്നിട്ടാല്‍ പൂര്‍വ്വാവസ്ഥയിലേക്ക് കരകയറാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സാധിക്കുമെന്നും ഇന്ത്യന്‍ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്നു എന്ന ആദ്യഫല സൂചനകള്‍ക്ക് മുമ്പ് തന്നെ ഏഷ്യന്‍ വിപണി നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആഗോളസമ്പദ് വ്യവസ്ഥയ്ക്ക് പ്രതികൂലമാകുന്ന ഫലമായിരിക്കും ബ്രിട്ടണില്‍ നിന്നും ഉണ്ടാകുക എന്ന മുന്നറിയിപ്പുകളാണ് ഏഷ്യന്‍ വിപണികളെ സ്വാധീനിച്ചത്. തുടര്‍ന്ന് ഏഷ്യന്‍ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ വികസിത രാജ്യമായ ജപ്പാനിലെ നിക്കി സൂചിക കൂപ്പുകുത്തി.

Top