ബ്രക്‌സിറ്റില്‍ വീണ്ടും ജനഹിതം പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുമെന്ന ബ്രിട്ടണിന്റെ തീരുമാനത്തിനെതിരെ ലണ്ടനില്‍ വീണ്ടും പ്രതിഷേധം. ബ്രെക്‌സിറ്റില്‍ പ്രതിഷേധിച്ചുള്ള റാലിയില്‍ 700,000 ത്തോളം ആളുകള്‍ പങ്കെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇറാഖ് യുദ്ധത്തിനെതിരായി 2003ല്‍ നടത്തിയ റാലിക്കു ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും ജനപങ്കാളിത്തമുള്ള റാലിയാണിതെന്നാണ് വിലയിരുത്തലുകള്‍. ചില പാര്‍ലിമെന്റ് അംഗങ്ങളും ബ്രെക്‌സിറ്റ് പുന:പരിശോധന ആവശ്യപ്പെട്ട് റാലിയെ പിന്തുണച്ചു.

‘പൊതുജനങ്ങളുടെ അഭിപ്രായം ജനാധിപത്യവിരുദ്ധമാണെന്നും, രാജ്യസ്‌നേഹത്തിനെതിരാണെന്നും അവകാശപ്പെടുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം.., അവര്‍ അവകാശപ്പെടുന്നതിന്റെ നേര്‍വിപരീതമാണ് സത്യം’ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ റാലിയെ അഭിസംബോധനം ചെയ്തുകൊണ്ടു പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പ് റഫറണ്ടം അവതരിപ്പിച്ചപ്പോള്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രായമാകാതിരുന്ന യുവജനങ്ങളുടെ അഭിപ്രായം കൂടി മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 48.11 ശതമാനം വോട്ടുകള്‍ക്കെതിരെ 51.89 ശതമാനം വോട്ടുകള്‍ക്കാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിരിയണമെന്ന തീരുമാനം ഉണ്ടായത്.

2019 മാര്‍ച്ച് 29 ഓടെ ബ്രിട്ടണ്‍ പൂര്‍ണ്ണമായും യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേര്‍പിരിയാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.

Top