ബ്രൂവറി അപേക്ഷ കിട്ടിയാല്‍ ഇനിയും സര്‍ക്കാര്‍ പരിഗണിക്കും : ഇ.പി. ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: ബ്രൂവറി അപേക്ഷ കിട്ടിയാല്‍ ഇനിയും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ തെറ്റില്ലെന്നും ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാല്‍ പഞ്ചായത്തുകള്‍ പരിശോധിക്കാറില്ലേ, അതുപോലെ തന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരുമെന്നും ജയരാജന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കാലത്തുമാത്രമല്ല, എ.കെ. ആന്റണിയുടെ ഭരണകാലത്തും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിട്ടുണ്ട്. അന്നത്തെ എക്‌സൈസ് മന്ത്രി കെ.വി. തോമസാണ് ഇതിന് അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ അവര്‍ രണ്ടു പേരുമാണ് മറുപടി പറയേണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷനേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം നേരത്തെ മറുപടി നല്‍കിയതാണെന്ന് എക്‌സൈസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മലബാര്‍ ബ്രൂവറീസിന് നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയത് അനുമതി മാത്രമാണെന്നും ലൈസന്‍സ് നല്‍കിയത് ആന്റണി സര്‍ക്കാരാണെന്നുമാണ് എക്‌സൈസ് വകുപ്പ് നല്‍കിയ വിശദീകരണം.

സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് 10 ചോദ്യങ്ങളുമായി രംഗത്തത്തിയത്. ചെന്നിത്തലയുടെ 10ല്‍ 9 ചോദ്യങ്ങള്‍ക്കും മന്ത്രി ടി.പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയിരുന്നുവെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിശദീകരണം.

Top