യുഎപിഎ കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയതില്‍ ആശങ്ക; ബ്രണ്ണന്‍ കോളേജ് അധ്യാപകര്‍

തലശ്ശേരി: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കാനൊരുങ്ങി ഗവ.ബ്രണ്ണന്‍ കോളേജിലെ ഒരുവിഭാഗം അധ്യാപകര്‍. അലന്റെയും താഹയുടെയും മാവോവാദിബന്ധം സി.പി.എം. ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യാപകസംഘടനയിലെ ഭാരവാഹികളടക്കം നിവേദനവുമായി മുന്നോട്ടുവന്നത്.

അലനേയും താഹയേയും അറസ്റ്റുചെയ്തതും കേസ് എന്‍.ഐ.എ.ക്ക് കൈമാറിയതും ആശങ്കാകുലരാക്കുന്നുവെന്നും നിവേദനത്തിലുണ്ട്.

സി.പി.എം. അനുകൂല സര്‍ക്കാര്‍ കോളേജ് അധ്യാപകസംഘടനയായ എ.കെ.ജി.സി.ടി.യിലെ അംഗങ്ങളും ഭാരവാഹികളും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. കേസന്വേഷണം തിരികെ സംസ്ഥാനസര്‍ക്കാരിനെത്തന്നെ ഏല്‍പ്പിക്കുന്നതിനുള്ള ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം.

ഫിലോസഫി വിഭാഗം അസി.പ്രൊഫസറും എഴുത്തുകാരനുമായ ദിലീപ് രാജിന്റെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം. ഒരാഴ്ചകൊണ്ട് ഒപ്പുശേഖരണം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനാണ് തീരുമാനം.

Top