ഇത് ഐപിഎല്‍ ലേലത്തിനുള്ള മറുപടി; സീപ്പര്‍ സ്‌കൂപ്പ് സിക്‌സറുമായി ബ്രണ്ടന്‍ മക്കല്ലം

ബ്രെണ്ടന്‍ മക്കല്ലത്തിന്റെ തകര്‍പ്പന്‍ സ്‌കൂപ്പ്‌ഷോട്ടിനെപ്പറ്റിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ കായികലോകത്ത് മുഴുവന്‍. ഓസ്‌ട്രേലിയന്‍ ടി20 ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗിലാണ് മക്കല്ലം തന്റെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത് സ്‌കൂപ്പ്‌ഷോട്ടിലൂടെ തകര്‍പ്പന്‍ സിക്‌സറാണ് മക്കല്ലം പറത്തിയത്. ഇതേ മത്സരത്തില്‍ കഴിഞ്ഞയാഴ്ച ബൗണ്ടറിക്കരികെ നടത്തിയ അക്രോബാറ്റിക് ഫീല്‍ഡിംഗിലൂടെയും മക്കല്ലം അത്ഭുതം സൃഷ്ടിച്ചിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് നാളു കുറച്ചായെങ്കിലും ലോകത്തെ വിവിധ ടി20 ലീഗുകളില്‍ ഇപ്പോളും സജീവ സാന്നിധ്യമാണ് ന്യൂസിലന്‍ഡ് സൂപ്പര്‍ താരം ബ്രെണ്ടന്‍ മക്കല്ലം. ഈ വര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ തഴയപ്പെട്ട മക്കല്ലം പക്ഷേ ഉഗ്രന്‍ തിരിച്ചുവരവാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയിന്‍ ഹീറ്റ്‌സിന്റെ താരമായ മക്കല്ലം, മെല്‍ബണ്‍ റെനഗേഡ്‌സിനെതിരെ നടന്ന മത്സരത്തിലായിരുന്നു വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പന്ത് പുറത്തെത്തിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബെയിന്റെ ഒന്‍പതാം ഓവറിലായിരുന്നു ഈ സിക്‌സര്‍ പറന്നത്. ഡാനിയല്‍ ക്രിസ്റ്റ്യനായിരുന്നു ബോളര്‍. മക്കല്ലം അനായാസം സ്‌കൂപ്പ്‌സിക്‌സര്‍ നേടിയ കാഴ്ച ആരാധകരേയും ത്രസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Top