മുലപ്പാലില്‍ നിന്ന് കൊറോണ വാക്‌സിന്‍; ഗവേഷണവുമായി റഷ്യന്‍ ഗവേഷകര്‍

മോസ്‌കോ: കൊറോണ വൈറസിനെ ചെറുക്കാന്‍ മുലപ്പാലിലുള്ള ചില പ്രോട്ടീനുകള്‍ക്ക് ശേഷിയുണ്ടായേക്കുമെന്ന് പുതിയ കണ്ടെത്തലുമായി റഷ്യന്‍ ഗവേഷകര്‍.

നവജാത ശിശുക്കളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രോഗ ബാധ കുറവാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. മുലപ്പാലിലുള്ള ചില പ്രോട്ടീനുകള്‍ കുട്ടികളിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നുണ്ടാകാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഈയൊരു വിഷയത്തില്‍ ഗവേഷണം നടത്തി കോവിഡിനെതിരെ മരുന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ ജീന്‍ ബയോളജി വിഭാഗത്തിലെ ഗവേഷകര്‍.

മുലപ്പാലിലെ ലാക്ടോഫെറിന്‍ എന്ന പ്രോട്ടീനാണ് നവജാത ശിശുക്കളെ രോഗബാധയുണ്ടാകുന്നതില്‍ നിന്ന് സംരക്ഷിക്കുന്നത്. നവജാത ശിശുക്കളില്‍ രോഗപ്രപതിരോധ സംവിധാനം വികസിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഈ പ്രോട്ടീനാണ് ബാക്ടീരിയ, വൈറസ് ആക്രമണങ്ങളില്‍ നിന്ന് നവജാത ശിശുക്കളെ സംരക്ഷിക്കുന്നത്. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ലാക്ടോഫെറിന്‍ നവജാത ശിശുക്കള്‍ക്ക് മാത്രമല്ല മുതിര്‍ന്നവരിലും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ പ്രോട്ടീനെ അടിസ്ഥാനമാക്കി മരുന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് ഇവര്‍.

2007ല്‍ മനുഷ്യരുടേതിന് സമാനമായി ആട്ടിന്‍ പാലില്‍ നിന്ന് ജനിതക പരിഷ്‌കരണം നടത്തിയ പ്രൊട്ടീന്‍ റഷ്യന്‍ ഗവേഷകര്‍ വികസിപ്പിച്ചിരുന്നു. നിയോലാക്ടോഫെറിന്‍ എന്നാണ് ഇതിന് ഗവേഷകര്‍ പേരിട്ടത്. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി ഇതിനുമുണ്ട്. ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ റോട്ടവൈറസ്, ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി തുടങ്ങിയ വൈറസുകളുടെ പ്രവര്‍ത്തനത്തെ തടയാനുള്ള കഴിവ് ഇത് പ്രകടിപ്പിച്ചിട്ടുണ്ട്. ആധുനിക ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളായ സൂപ്പര്‍ബഗ്ഗുകളെ പ്രതിരോധിക്കാന്‍ പോലും ഇത് സഹായിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

നിയോലാക്ടോഫെറിന്റെ ഈ ശേഷി കൊറോണ വൈറസിനെതിരെ ഉപയോഗിക്കാനാകുമോയെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിക്കുന്നത്. കോശങ്ങള്‍ക്കുള്ളിലേക്ക് കടന്നുകയറി പ്രത്യുത്പാദനം നടത്താനുള്ള വൈറസിന്റെ ശ്രമങ്ങളെ ഈ പ്രോട്ടീന്‍ തടയുമെന്നും എന്നാല്‍ അതിനെ മരുന്നാക്കി ഉപയോഗിക്കുന്നതിന് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

Top