പുല്‍വാമ; അന്വേഷണത്തില്‍ നിര്‍ണായകമാകുന്നു ചാവേറിന്റെ സഹായിയുടെ അറസ്റ്റ്

ഒടുവില്‍ പുല്‍വാമ ഭീകരാക്രമണ കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഒരു കച്ചിത്തുരുമ്പ്. കഴിഞ്ഞ വര്‍ഷം 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ചാവേര്‍ ബോംബര്‍ അദില്‍ അഹമ്മദ് ധറിന്റെ സഹായിയെയാണ് എന്‍ഐഎ പിടികൂടിയത്.

പാക് ആസ്ഥാനമായ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ രഹസ്യപ്രവര്‍ത്തകന്‍ ഷാക്കിര്‍ ബാഷിര്‍ മാഗ്രെയാണ് അറസ്റ്റിലായത്. ജമ്മു എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തെ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വിട്ടു. ജമ്മു കശ്മീര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുല്‍വാമയ്ക്ക് സമീപമുള്ള കാകാപോരാ മേഖലയില്‍ ഫര്‍ണീച്ചര്‍ കടയുള്ള 22കാരന്‍ ഷാകിര്‍ ബാഷിര്‍ ചാവേറായ അഹമ്മദ് ധറിന് സുരക്ഷിത താവളവും, സാമഗ്രികള്‍ എത്തിക്കാന്‍ സഹായവും നല്‍കിയെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. പാക് ഭീകരന്‍ മുഹമ്മദ് ഉമര്‍ ഫാറൂഖാണ് 2018 മധ്യത്തില്‍ ധറിനെ ഇയാളുമായി പരിചയപ്പെടുത്തിയത്.

ചോദ്യം ചെയ്യലില്‍ പുല്‍വാമ അക്രമത്തിന് ഉള്‍പ്പെടെ ജെയ്‌ഷെ ഭീകരന്‍ക്ക് ആയുധങ്ങളും, സ്‌ഫോടകവസ്തുക്കളും, പണവും എത്തിച്ച് നല്‍കിയ വിവരങ്ങള്‍ ബാഷിര്‍ വെളിപ്പെടുത്തി. 2018 മുതല്‍ പുല്‍വാമ ഭീകരാക്രമണം നടന്ന 2019 ഫെബ്രുവരി വരെ ധറിനെയും, ഫാറൂഖിനെയും തന്റെ വീട്ടില്‍ താമസിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ തയ്യാറാക്കാന്‍ സഹായം നല്‍കിയെന്നാണ് വിവരം.

സിആര്‍പിഎഫ് വാഹന വ്യൂഹം യാത്ര ചെയ്യുന്ന വിവരങ്ങള്‍ ഷാകിര്‍ ബാഷിറാണ് ചാവേറായ ധറിനും, ഉമറിനും കൈമാറിയത്. രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നതോടെ എന്‍ഐഎ കടുത്ത വിമര്‍ശനം നേരിടുകയായിരുന്നു. ഒന്നാം വാര്‍ഷികത്തിന് പിന്നാലെ ഒരു പ്രതിയെ പിടികൂടിയത് എന്‍ഐഎയ്ക്ക് ആശ്വാസമാകുകയാണ്.

Top