സെന്‍കുമാര്‍ കേസില്‍ മുഖ്യമന്ത്രി വീണിടത്ത് കിടന്നുരുളുകയാണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണിടത്ത് കിടന്നുരുളുകയാണെന്ന് പ്രതിപക്ഷം.

സെന്‍കുമാര്‍ കേസില്‍ പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കണമെന്നും കേരളത്തിലെ ജനങ്ങളുടെ തുകകൊണ്ട കൊടുക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അപമാനഭാരം കൊണ്ട് ഓരോ വ്യക്തിയുടെയും തല താഴുന്ന സംഭവമാണ് ഉണ്ടായത്. സിപിഎം പിബിയെയും സിസിയെയും പറ്റിക്കാം എന്നാല്‍ സുപ്രീം കോടതിയെ പറ്റിക്കാനാകില്ല. സര്‍ക്കാരിന് സുപ്രീം കോടതി പിഴയിടുന്നത് അപൂര്‍വ്വമാണെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ മാപ്പ് അപേക്ഷിച്ചു. വിശദാംശങ്ങള്‍ കോടതി രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും പ്രതിപക്ഷം നിയമസഭയില്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച വ്യക്തത വരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഇതിന്റെ വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ മാപ്പപേക്ഷ നല്‍കുകയോ സര്‍ക്കാരിന് പിഴ ചുമത്തുകയോ ചെയ്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ് കോടതിവിധിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് അടിയോടടിയായിരുന്നില്ലെ എന്ന് ചോദിച്ച് മുഖ്യമന്ത്രി തിരിച്ചടിച്ചു.

എന്നാല്‍ സര്‍ക്കാര്‍ കോടതിയില്‍ ചെന്ന തിരിച്ചടി ചോദിച്ചുവാങ്ങിയെന്ന് പ്രതിപക്ഷം പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

Top