breaking kalabhavan mani death highcourt cbi enquiry

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

നേരത്തെ കേസ് സി.ബി.ഐക്ക് കൈമാറുന്നതായി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബന്ധുക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനാലായിരുന്നു ഇങ്ങനെയൊരു നടപടി.

എന്നാല്‍ കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ വ്യക്തമാക്കി. കരള്‍ രോഗമായിരുന്നു മരണകാരണമെന്നായിരുന്നു സിബിഐ നിലപാട്.

മണിയുടെ മരണത്തില്‍ അസ്വഭാവികതയോ, ദുരൂഹതയോ കണ്ടെത്താനായിട്ടില്ല എന്നും അതിനാല്‍ കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ല എന്നും കാട്ടി സി ബി ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് തള്ളി സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.

2016 മാര്‍ച്ച് ആറാം തീയ്യതിയാണ് കലാഭവന്‍ മണി കൊച്ചിയിലെ ആശു്പത്രിയില്‍ വെച്ച് അന്തരിച്ചത്. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.

തുടക്കം മുതല്‍ തന്നെ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിയിലായിരുന്നു ബന്ധുക്കള്‍. ഗുരുതരമായ കരള്‍ രോഗ ബാധിതനായിരുന്ന മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നു.

Top