അതിർത്തിയിലെ പാക്ക് ‘കളിക്ക്’ അതിർത്തി കടന്ന് ഇന്ത്യയുടെ തകർപ്പൻ മറുപടി !

ബിര്‍മിങ്ങാം: ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ ഭീകരരെ മുന്‍നിര്‍ത്തി ഇന്ത്യക്കെതിരെ കളിക്കുന്ന പാക്കിസ്ഥാന് കളിക്കളത്തിലും വന്‍ പ്രഹരം നല്‍കി ഇന്ത്യ . .

ലോകം ഉറ്റുനോക്കിയ ചാംപ്യന്‍സ് ട്രോഫി മത്സരത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനെ മലര്‍ത്തിയടിച്ച് തിളക്കമാര്‍ന്ന വിജയം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 48 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു.

മഴമൂലം 48 ഓവറാക്കി മല്‍സരം ചുരുക്കിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ 324 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പാക്കിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ നിലംപരിശാക്കി. ജയിക്കാൻ 41 ഓവറിൽ 289 റൺസ് വേണ്ട പാകിസ്താൻ 33.4 ഓവറിൽ 164 റൺസിന് ഓൾഔട്ടായി.

ഒൻപതാം ഓവറിൽ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 12 റൺസെടുത്ത അഹമ്മദ് ഷെഹ്സാദിനെ ഭുവനേശ്വർ കുമാർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പാക് സ്കോർ 47ൽ നിൽക്കുമ്പോഴാണ് ഷെഹ്സാദ് മടങ്ങിയത്. സ്കാേർ 61ൽ എത്തിയപ്പോഴാണ് അവർക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. എട്ട് റൺസെടുത്ത ബബർ അസമിനെ ഉമേഷ് യാദവിന്റെ പന്തിൽ ജഡേജ പിടിക്കുകയായിരുന്നു. നന്നായി ചെറുത്ത് നിന്ന് അർധസെഞ്ചുറി നേടിയ അഷർ അലി കൂറ്റൻ അടിക്ക് മുതിർന്നാണ് പുറത്തായത്. 65 പന്തിൽ നിന്ന് 50 റൺസെടുത്ത അഷർ ജഡേജയുടെ പന്തിൽ ഹർദിക് പാണ്ഡ്യ പിടിച്ചാണ് പുറത്തായത്. ഒൻപത് പന്തിൽ നിന്ന് 15 റൺസെടുത്ത ഷൊയ്ബ് മാലിക്കിനെ ജഡേജ റണ്ണൗട്ടാക്കുകയായിരുന്നു. 33 റൺസെടുത്ത ഹഫീസിനെ ജഡേജയുടെ പന്തിൽ ഭുവനേശ്വർ കുമാർ പിടിച്ച് പുറത്താക്കിയപ്പോൾ വസീമിനെ പാണ്ഡ്യയുടെ പന്തിൽ ജാധവ് പിടിച്ച് പുറത്താക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 48 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സാണ് എടുത്തിരുന്നത്. തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 324 ആയി പുനര്‍നിര്‍ണയിക്കുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (68), രോഹിത് ശര്‍മ (91), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (81*), യുവരാജ് സിങ് (53) എന്നിവരാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ ആറു പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന നാല് ഓവറില്‍ മാത്രം 72 റണ്‍സ് ഇന്ത്യ നേടി.

തുടക്കത്തിലുണ്ടായ വേഗതക്കുറവ് മിന്നല്‍ വേഗത്തില്‍ മറികടന്നാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വെടിക്കെട്ട് തീര്‍ത്തത്. രോഹിത്-ധവാന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് (136) തീര്‍ത്തപ്പോള്‍, രണ്ടാം വിക്കറ്റില്‍ രോഹിത്-കോഹ്‌ലി സഖ്യവും (56) മൂന്നാം വിക്കറ്റില്‍ കോഹ്‌ലി-യുവരാജ് സഖ്യവും (93) അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. പിരിയാത്ത നാലാം വിക്കറ്റില്‍ കോഹ്‌ലി-ഹാര്‍ദിക് പാണ്ഡ്യ സഖ്യം 10 പന്തില്‍ 34 റണ്‍സെടുത്ത് ഇന്നിങ്‌സിന് വേഗത പകര്‍ന്നു. അഞ്ച് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 15 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

india 2

എന്നാല്‍, മഴയെ അവഗണിച്ച് ധവാനും രോഹിതും ആഞ്ഞടിച്ചു. 24.3 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും 136 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. 65 പന്തുകള്‍ നേരിട്ട് ആറു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 68 റണ്‍സെടുത്ത ധവാനാണ് ആദ്യം പുറത്തായത്. ഷതാബ് ഖാന്റെ പന്തില്‍ അസ്ഹര്‍ അലിക്കു ക്യാച്ചു നല്‍കിയായിരുന്നു ധവാന്റെ മടക്കം. കോഹ്‌ലിയുമൊത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തതിനു പിന്നാലെ രോഹിതും മടങ്ങി. 119 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 91 റണ്‍സെടുത്ത രോഹിത് ശര്‍മ, റണ്ണൗട്ടാവുകയായിരുന്നു. അതിനു മുന്‍പ് 33.1 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 48 ഓവറാക്കി വെട്ടിച്ചുരുക്കിയശേഷമാണ് മല്‍സരം പുനരാരംഭിച്ചത്. നേരത്തെ, 9.5 ഓവറില്‍ ഇന്ത്യ 46 റണ്‍സെടുത്തു നില്‍ക്കെ മഴ അല്‍പസമയം മല്‍സരം തടസ്സപ്പെടുത്തിയിരുന്നു.

രോഹിത്ത് പുറത്തായ ശേഷമെത്തിയ യുവരാജ് സിങ്ങാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് ഗതിവേഗം പകര്‍ന്നത്. 32 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 53 റണ്‍സെടുത്ത് സ്റ്റേഡിയത്തെ ഇളക്കി മറിച്ചാണ് യുവരാജ് സിങ്ങ് കളം വിട്ടത്.

യുവരാജിനു പിന്നാലെ ധോണിയെ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്കു മുന്നിലേക്കെത്തിയത് ഹാര്‍ദിക് പാണ്ഡ്യ ആയിരുന്നു. വന്നതു വെറുതെയല്ലെന്ന് ആറു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സില്‍ തെളിയിച്ച പാണ്ഡ്യ, അതില്‍ മൂന്നു പന്തും ഗാലറിയിലെത്തിച്ച് 20 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോഴേക്കും ഫോമിന്റെ ഉത്തുംഗശൃംഗത്തിലെത്തിയ കോഹ്‌ലി, 68 പന്തില്‍ ആറു ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെ 81 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഹസന്‍ അലി, ഷതാബ് ഖാന്‍ എന്നിവര്‍ പാക്കിസ്ഥാനായി ഓരോ വിക്കറ്റ് വീഴ്ത്തി. വഹാബ് റിയാസ് 8.4 ഓവറില്‍ 87 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നതായിരുന്നു പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഉജ്ജ്വല വിജയം.

Top