കാലിത്തീറ്റ കുംഭകോണക്കേസ്; നാലു കേസുകളില്‍ വിചാരണ തുടരാന്‍ കോടതി ഉത്തരവ്

Lalu Prasad Yadav

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന് തിരിച്ചടി.

നാലു കേസുകളില്‍ വിചാരണ തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ലാലു പ്രസാദ് യാദവിനെതിരായ ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിച്ചു.

സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസുമാരായ അരുണ്‍ മിശ്ര , അമിതാവ റോയ് എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.

2014 നവംബറില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിനും കൂട്ടുപ്രതികള്‍ക്കുമെതിരെയുളള ഗൂഢാലോചനക്കുറ്റവും സുപ്രധാനവകുപ്പുകളും ഒഴിവാക്കിയിരുന്നു.

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര, ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി സജല്‍ ചക്രവര്‍ത്തി എന്നിവര്‍ക്കും ഹൈക്കോടതി വിധി അനുകൂലമായി. ഇതിനെതിരെയാണു സിബിഐ അന്വേഷണസംഘം സുപ്രീംകോടതിയെ സമീപിച്ചത്.

കാലിത്തീറ്റ കുംഭക്കോണവുമായി ബന്ധപ്പെട്ട സമാനസ്വഭാവമുളള കേസുകളില്‍ ഒരേ തെളിവുകളും സാക്ഷികളുമാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.

ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദിനെയും കൂട്ടുപ്രതികളെയും സമാനക്കുറ്റങ്ങളില്‍ വിചാരണ ചെയ്യാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിലെ വാദത്തിലും ഇക്കാര്യം തന്നെയാണു ലാലുവും കൂട്ടരും ഉന്നയിച്ചത്.

എന്നാല്‍, കേസുകള്‍ പല സ്വഭാവമുളളതാണെന്നാണു സിബിഐയുടെ വാദിച്ചു. ഇരുപതുവര്‍ഷമായ കേസുകള്‍ ഇനിയും നീളാന്‍ അനുവദിക്കരുതെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടു.

വാദം പറയുന്നതിനു കൂടുതല്‍ സമയം ആവശ്യപ്പെട്ട ജഗന്നാഥ് മിശ്രയുടെ അഭിഭാഷകനെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

1990-97 കാലയളവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവും കൂട്ടരും ആയിരം കോടി രൂപയുടെ കാലിത്തീറ്റ അഴിമതി നടത്തിയെന്നാണു കണക്കാക്കുന്നത്. ഇതില്‍ 38 കോടി തട്ടിച്ചുവെന്ന കേസില്‍ 2013 ഒക്ടോബറില്‍ റാഞ്ചി പ്രത്യേക സിബിഐ കോടതി ലാലുപ്രസാദ് യാദവിനു അഞ്ചുവര്‍ഷം തടവ് വിധിച്ചു. ഇതിനിടെ മറ്റുകേസുകളില്‍ വിചാരണാനടപടി തുടങ്ങിയതോടെയാണു ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂലവിധി നേടിയതും.

Top