എസ്.പി – ബി.എസ്.പി സഖ്യം പൊളിക്കാൻ . . രാജ്യസഭ തിരഞ്ഞെടുപ്പും ആയുധമാകുമോ ?

Amit Shah

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് നടക്കുന്ന 58 സീറ്റുകളില്‍ ഭൂരിപക്ഷവും നേടുമെന്ന ആത്മവിശ്വാസത്തില്‍ നില്‍ക്കുമ്പോഴും യു.പി യില്‍ ബി.എസ്.പി അംഗം അട്ടിമറി വിജയം നേടുമോയെന്ന ആശങ്കയില്‍ ബി.ജെ.പി

പത്ത് ഒഴിവുകളുള്ള യു.പിയില്‍ വിജയിക്കാന്‍ വേണ്ടത് 37 എം.എല്‍.എമാരുടെ പിന്തുണയാണ്. 403 അംഗ നിയമസഭയില്‍ 311 പേരുള്ള ബി.ജെ.പിക്ക് എട്ടുപേരെ എന്തുവന്നാലും വിജയിപ്പിക്കാന്‍ പറ്റും.

അവശേഷിക്കുന്ന 26 എം.എല്‍.എമാരെ മുന്‍ നിര്‍ത്തി ഒന്‍പതാമത്തെ സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി രംഗത്തിറക്കിയതാണ് ഇവിടെ മത്സരം കടുപ്പിച്ചത്.

47 എം.പിമാരാണ് സമാജ് വാദി പാര്‍ട്ടിക്ക് യു.പിയിലുള്ളത്. ജയാ ബച്ചനാണ് അവരുടെ സ്ഥാനാര്‍ത്ഥി. അധികം വരുന്ന പത്തുപേരുടെ പിന്തുണ ബി.എസ്.പി സ്ഥാനാര്‍ത്ഥി ബി.ആര്‍. അംബേദ്കറിന് നല്‍കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം. ബി.എസ്.പിക്ക് 19 എം.എല്‍.എമാരാണ് ഉള്ളത്. കോണ്‍ഗ്രസ്സിന്റെ 7 അംഗങ്ങളും ബി.എസ്.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ബി.എസ്.പിയുടേയും സമാജ് വാദി പാര്‍ട്ടിയുടേയും ഓരോ അംഗങ്ങള്‍ കൂറുമാറി ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തത് പ്രതിപക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്.

അപകടം മുന്നില്‍ കണ്ട് ബി.ജെ.പി നടത്തിയ തന്ത്രപരമായ നീക്കത്തെതുടര്‍ന്നാണ് ഈ തിരിച്ചടി.

സമാജ് വാദി പാര്‍ട്ടി എം.എല്‍.എമാരില്‍ ഭിന്നിപ്പ് ഉണ്ടാക്കി ഒന്‍പതാമത്തെ അംഗത്തെയും വിജയിപ്പിക്കാനാണ് ബി.ജെ.പി ശ്രമിച്ചിരിക്കുന്നത്. അമിത് ഷാ നേരിട്ടാണ് ‘ഓപ്പറേഷന് ‘ചുക്കാന്‍ പിടിച്ചത്.

ലോക് സഭ ഉപതിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിക്ക പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പിക്ക് രാജ്യസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് തിരിച്ചടി നല്‍കുക എന്നത് അഭിമാന പ്രശ്‌നം കൂടിയാണ്.

സമാജ് വാദി-ബി.എസ്.പി സഖ്യത്തെ ഉലക്കാനും അതുവഴി വരുന്ന ലോക് സഭ തിരഞ്ഞെടുപ്പിലെ സഖ്യ സാധ്യത പൊളിക്കാനും കഴിയുമെന്നാണ് കണക്ക് കൂട്ടല്‍.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ഈ അവസ്ഥക്ക് വലിയ മാറ്റം ഇന്നത്തെ ഫല പ്രഖ്യാപനത്തോടെ ഉണ്ടാകുമെന്ന പ്രതീക്ഷയും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണവും വിശദാംശങ്ങളും

കേരളം (1) : എല്‍.ഡി.എഫിന് 90 അംഗങ്ങളുടെ പിന്തുണയുണ്ട്. യു.ഡി.എഫിന് 41 അംഗങ്ങളാണുള്ളത്.

ജനതാദള്‍ ശരദ് യാദവ് വിഭാഗം നേതാവ് എം.പി. വീരേന്ദ്രകുമാര്‍ ഇവിടെ വിജയിച്ചു. 89 വോട്ടുകള്‍ നേടിയാണ് ഇദ്ദേഹം വിജയിച്ചത്.എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വീരേന്ദ്ര കുമാര്‍ മത്സരിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ബാബുപ്രസാദിനെയാണ് വീരേന്ദ്ര കുമാര്‍ തോല്‍പ്പിച്ചത്.

കേരള കോണ്‍ഗ്രസ് എമ്മിന്റെ ആറ് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഒ. രാജഗോപാല്‍ (ബി.ജെ.പി), പി.സി. ജോര്‍ജ് (സ്വതന്ത്രന്‍) എന്നിവരുടെ നിലപാട് ശ്രദ്ധേയമാകും. ഓരോ അംഗവും ചെയ്യുന്ന വോട്ട് അതത് പാര്‍ട്ടികള്‍ പോളിംഗ് സ്‌റ്റേഷനില്‍ നിയമിക്കുന്ന പ്രതിനിധികളെ കാണിക്കണം. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായാണ് ഓപ്പണ്‍ വോട്ട്.

ജാര്‍ഖണ്ഡ് (2) : ഒരു സീറ്റില്‍ ഭരണപക്ഷമായ ബി.ജെ.പി വിജയം ഉറപ്പിച്ചിട്ടുണ്ട്. രണാമത്തെ സീറ്റില്‍ ഏഴ് അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിന് 19 പേരുള്ള ജെ.എം.എമ്മും രണ്ട് സീറ്റുള്ള ജെ.വി.എമ്മും പിന്തുണ നല്‍കിയിട്ടുണ്ട്.

രാജസ്ഥാന്‍ (3) : 3 ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

തെലുങ്കാന (3) : ബി.പ്രകാശ്, ജെ.സന്തോഷ് കുമാര്‍, എ.ബി. ലിങ്കയ്യ യാദവ് (ടിആര്‍എസ്)

ഒഡീഷ (3) : ഭരണപക്ഷായ ബി.ജെ.ഡിയുടെ മൂന്ന് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ആന്ധ്രാപ്രദേശ് (3) : 102 അംഗങ്ങളുള്ള ടി.ഡി.പിയുടെ സി.എം. രമേഷ് വിജയിച്ചു.

കര്‍ണാടക (4) : എല്‍. ഹനുമന്തയ്യ, നാസര്‍ ഹുസൈന്‍, ജി.സി. ചന്ദ്രശേഖര്‍ (കോണ്‍ഗ്രസ്), രാജിവ് ചന്ദ്രശേഖര്‍ (ബിജെപി)

ഗുജറാത്ത് (4) : ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും രണ്ട് സ്ഥാനാര്‍ത്ഥികള്‍ വീതം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മദ്ധ്യപ്രദേശ് (5): ബി.ജെ.പി നാലിലും കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിക്കും.

പശ്ചിമബംഗാള്‍ (5) : 50 എം.എല്‍.എമാരുടെ പിന്തുണയാണ് ഒരാള്‍ക്ക് വിജയിക്കാന്‍ വേണ്ടത്.213 എം.എല്‍.എമാരാണ് തൃണമൂലിന് ഉള്ളത്.

പശ്ചിമ ബംഗാളില്‍ നാലു സീറ്റുകളിലും തൃണമുല്‍ കോണ്‍ഗ്രസ് വിജയിച്ചു. ആബിര്‍ രഞ്ജന്‍ ബിശ്വാസ്, സുഭാശിഷ് ചക്രബര്‍ത്തി,ദീമുല്‍ ഹഖ്, ശാന്തനു സെന്‍(എല്ലാവരും തൃണമൂല്‍ കോണ്‍ഗ്രസ്), മനു അഭിഷേക് സിംഗ്വി (കോണ്‍ഗ്രസ്) എന്നിവരാണ് വിജയിച്ചവര്‍ . അതേസമയം ഇവിടെ സി.പി.എം പരാജയപ്പെട്ടു.

42 എം.എല്‍.എമാര്‍ മാത്രമുള്ള കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിംഗ്വിക്ക് അവശേഷിക്കുന്ന 16 എം.എല്‍.എമാര്‍ വോട്ട് ചെയ്യുമെന്ന് തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയതിനാല്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായ രബിന്‍ ദേവ് പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു. ഇടതു മുന്നണിക്ക് 32 സീറ്റുകളാണുള്ളത്.

മഹാരാഷ്ട്ര (6) : കേരളത്തില്‍ നിന്നുള്ള വി.മുരളീധരന്‍ ഉള്‍പ്പെടെ ആറ് പേരും എതിരില്ലാതെ വിജയിച്ചിരുന്നു.ബി.ജെ.പിക്ക് മൂന്നും ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതവുമാണ് ലഭിച്ചിരിക്കുന്നത്.

ബീഹാര്‍ (6) : 71 എം.എല്‍.എമാരുള്ള ജെ.ഡി.യുവും 53 അംഗങ്ങളുള്ള ബി.ജെ.പിയും ചേര്‍ന്ന ഭരണമുന്നണിക്ക് മൂന്ന് പേരെ വിജയിപ്പിച്ചെടുക്കാനാകും. ഇതില്‍ ബി.ജെ.പിക്ക് ഒരു സീറ്റാണ് ലഭിക്കുക. 80 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍.ജെ.ഡിക്കും 27പേരുള്ള കോണ്‍ഗ്രസിനും ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ ലഭിക്കും.

റിപ്പോര്‍ട്ട്: ടി അരുണ്‍കുമാര്‍

Top