ബ്രേക്ക് ദ ചെയിന്‍ കാമ്പയിനുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി ബ്രേക്ക് ദ ചെയിന്‍ എന്ന പേരില്‍ ബൃഹത്തായ കാമ്പയിന്‍ കൊണ്ടുവന്ന് സംസ്ഥാന സര്‍ക്കാര്‍. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും കൈകള്‍ വ്യക്തിശുചിത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

കാമ്പയിന്‌റെ ഉദ്ഘാടനംമന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. പൊതുജങ്ങളെക്കൂടാതെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയും കാമ്പയിന്‌റെ ഭാഗമാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കാമ്പയിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍…

ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക.

മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടുക, ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയവയാണ് വൈറസ് പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍.

ഫലപ്രദമായി കൈ കഴുകുക എന്നതാണ് ഇത് സുപ്രധാനം. സ്ഥാപനത്തിലേക്ക് ജീവനക്കാരെയും പൊതുജനങ്ങളെയും പ്രവേശിക്കുന്നതിനുമുമ്പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം.

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകള്‍ വൈറസ് മുക്തമാക്കി കയറുന്നെന്ന് ഉറപ്പുവരുത്തുകയും വേണം. കാമ്പയിന്‌റെ ഹാഷ്ടാഗ് #breakthechain മാധ്യമങ്ങളും നവമാധ്യമങ്ങളും വഴി വ്യാപക പ്രചാരണം നടത്തണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Top