അച്ചടക്ക ലംഘനം; എഎപി നേതാവ് സഞ്ജയ് സിങ്ങിനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: എഎപി നേതാവ് സഞ്ജയ് സിങ്ങിനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രാജ്യസഭ അധ്യക്ഷന്റെ നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിനാണ് നടപടി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി മണ്‍സൂണ്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്പെന്‍ഷന്‍. മണിപ്പൂരിലെ വിവാദ വീഡിയോയെ ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിന്റെ നടപടി. പ്രമേയം അവതരിപ്പിക്കുന്നതിന് മുന്‍പ് സഞ്ജയ് സിങ് അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍ഖര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എംപിയെ സസ്‌പെന്‍ഡ് ചെയ്ത ഉടന്‍, പ്രതിപക്ഷ അംഗങ്ങള്‍ ബഹളമുണ്ടാക്കിയതോടെ സഭാ നടപടികള്‍ 2 മണി വരെ നിര്‍ത്തിവച്ചു.

സഞ്ജയ് സിങ്ങിനെതിരെ നടപടി തേടി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ സഭ അംഗീകരിക്ച്ചു. സഭാ അധ്യക്ഷന്റെ നിര്‍ദ്ദേശങ്ങള്‍ സഞ്ജയ് സിങ് തുടര്‍ച്ചയായി അവഗണിച്ചതായി പ്രമേയത്തില്‍ പറയുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഞ്ജയ് സിങ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചത്.

Top