Brazilian President Dilma Rousseff Faces Impeachment Vote

ബ്രസീല്‍: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്‍മേല്‍ ബ്രസീല്‍ കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് ഇന്ന്. അഴിമതി ആരോപണവിധേയയായതിനെത്തുടര്‍ന്ന് ദില്‍മ റൂസഫിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നീക്കം. പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ബ്രസീലില്‍ റാലികള്‍ അരങ്ങേറി.

അധോസഭയായ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിലാണ് പ്രസിഡന്റ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ചര്‍ച്ച നടന്നത്. അധോസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസായാല്‍ ഉപരിസഭയായ ഫെഡറല്‍ സെനറ്റിന് ദില്‍മയെ കുറ്റവിചാരണ ചെയ്യാം. 513 അംഗ സഭയില്‍ നിലവില്‍ 124 പേരുടെ പിന്തുണയാണ് ദില്‍മക്കുള്ളത്. 338 പേരുടെ പിന്തുണയുള്ള എതിര്‍പക്ഷത്തിന് നാലുപേരുടെ കൂടി പിന്തുണ തരപ്പെടുത്തിയാല്‍ ഇംപീച്‌മെന്റിന് ശിപാര്‍ശ ചെയ്യാം.

സെനറ്റിന് പ്രമേയം കൈമാറാന്‍ 342 അംഗങ്ങളുടെ പിന്തുണ വേണം. നിര്‍ണായക പിന്തുണ ഉറപ്പുവരുത്താനുള്ള അവസാനവട്ടശ്രമങ്ങള്‍ ശക്തമാക്കി ദില്‍മ റൂസഫും പ്രമേയത്തിനെതിരെ രംഗത്തുണ്ട്. നിലപാട് വ്യക്തമാക്കാത്ത 51 സാമാജികരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഇരുപക്ഷവും നടത്തുന്നത്. കുറ്റം തെളിയിക്കാതെയുള്ള ഇംപീച്‌മെന്റ് അട്ടിമറിയാണെന്ന് ദില്‍മയെ അനുകൂലിക്കുന്ന അംഗങ്ങള്‍ ആരോപിച്ചു. ഇംപീച്ച്‌മെന്റിനെതിരെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ റാലിയില്‍ പക്ഷെ ദില്‍മ റൂസഫ് പങ്കെടുത്തില്ല. ദില്‍മ റൂസഫിന് പുറത്തുപോകേണ്ടിവന്നാല്‍ നിലവിലെ വൈസ് പ്രസിഡന്റായ മിച്ചല്‍ ടെമറിനെയാവും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുക. 1930 ലുണ്ടായതിനേക്കാള്‍ കടുത്ത സാമ്പത്തിക മാന്ദ്യമാണ് റൂസഫ് ഭരണത്തിലേറിയതിന് ശേഷം ബ്രസീലിലുണ്ടായത്.

Top