ബ്രസീലിയന്‍ ഫുട്ബോളര്‍ മരിയോ സഗാലോ അന്തരിച്ചു

റിയോ ഡി ജനീറോ: വിഖ്യാത ബ്രസീലിയന്‍ ഫുട്ബോളര്‍ മരിയോ സഗാലോ അന്തരിച്ചു. കുടുംബം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണവിവരം ലോകത്തെ അറിയിച്ചത്. കളിക്കാരനായും പരിശീലകനായും നാലു തവണ ലോകകിരീടം ചൂടിയ ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്നു സഗാലോ. 1958 ല്‍ ഇടത് വിങ്ങറായി തിളങ്ങിയ സഗാലോ അടങ്ങിയ ബ്രസീല്‍ ടീം ലോക ചാമ്പ്യന്മാരായി. നാല് വര്‍ഷത്തിന് ശേഷം ടീം കിരീടം നിലനിര്‍ത്തി. 1970 ല്‍ പെലെ അടങ്ങുന്ന ബ്രസീലിന്റെ എക്കാലത്തേയും വലിയ താരനിരയെ പരിശീലിപ്പിച്ച് ലോക ചാമ്പ്യന്മാരാക്കിയ കോച്ചെന്ന നിലയിലും ലോകം മുഴവന്‍ സഗാലോയുടെ പെരുമ വാഴ്ത്തപ്പെട്ടു. 1958ല്‍ ലോകകപ്പ് നേടിയ ബ്രസീലിയന്‍ ടീമില്‍ ജീവനോടെ അവശേഷിച്ച അവസാന അംഗമായിരുന്നു സഗാലോ.

ബ്രസീലിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ പ്രധാന അധ്യായങ്ങളിലെല്ലാം നിര്‍ണായക റോളുണ്ടായിരുന്നു സഗാലോയ്ക്ക്. 1958 ല്‍ ആദ്യമായി ബ്രസീല്‍ ലോക കിരീടം ചൂടിയപ്പോള്‍ മുതല്‍ 2014 ലില്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതുവരെയുള്ള എല്ലാ ഘട്ടത്തിലും സഗാലോ മുന്നണിയിലോ പിന്നണിയിലോ ഉണ്ടായിരുന്നു. 2018 ലും 2022 ലും ബ്രസീല്‍ ടീമിനെ ലോകകപ്പിന് കളത്തിലിറക്കും മുന്നെ കോച്ച് ടിറ്റെ സഗാലോയുടെ ഉപദേശം തേടി അദ്ദേഹത്തെ കാണാനെത്തിയിരുന്നു.

Top