ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ വീണ്ടും ലാ ലിഗയില്‍;അന്‍പത്തിയൊന്നു ശതമാനം ഓഹരികളും സ്വന്തമാക്കി

ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ ഇനി മുതല്‍ സ്പാനിഷ് ലാ ലിഗ ക്ലബ് റയല്‍ വല്ലാഡോളിഡിന്റെ ഉടമ. ക്ലബിന്റെ അന്‍പത്തിയൊന്നു ശതമാനം ഓഹരികളും റൊണാള്‍ഡോ സ്വന്തമാക്കിയതോടെ വല്ലാഡോളിന്റെ പ്രധാന ഉടമയായി റൊണാള്‍ഡോ മാറിയത്.

അതേസമയം നിലവിലെ പ്രസിഡന്റ് കാര്‍ലോസ് സുവാരസ് തന്നെ ടീമിന്റെ നേതൃസ്ഥാനത്ത് തുടരട്ടെയെന്നാണ് റൊണാള്‍ഡോ തീരുമാനിച്ചിരിക്കുന്നത്. 30 ദശലക്ഷം യൂറോയാണ് താരം മുടക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. നേരത്തെ ഒരു മെക്‌സിക്കന്‍ ബിസിനസുകാരന്‍ റയല്‍ വല്ലാഡോളിഡിനെ ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരമാവധി നേട്ടങ്ങള്‍ ലീഗില്‍ കൈവരിക്കാന്‍ ക്ലബ് ശ്രമിക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞു. മത്സരബുദ്ധിയും സുതാര്യതയും സാമൂഹികതയും ടീമില്‍ വളര്‍ത്താനാണ് കൂടുതല്‍ ശ്രമിക്കുകയെന്നും ടീമിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി കൃത്യമായ ശ്രമം നടത്തുമെന്നും താരം വ്യക്തമാക്കി.

ടീമിന് പുതിയ സ്വപ്നങ്ങള്‍ കാണാനുള്ള അടിത്തറ പണിയുകയാണ് ലക്ഷ്യമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

Top