brazel ist in football

മൊണ്ടിവീഡിയോ : ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളില്‍ ഉറുഗ്വെ, വെനസ്വേല, പെറു എന്നിവ ജയിച്ചപ്പോള്‍ കൊളംബിയയും ചിലിയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങിയ മുന്‍ ലോകചാമ്പ്യന്മാരായ ഉറുഗ്വെ 2-1ന് ഇക്വഡോറിനെയാണ് പരാജയപ്പെടുത്തിയത്. കോസ്റ്റെസ് (12ാം മിനിറ്റ്), റോളന്‍ (45+1) എന്നിവരാണ് ഉറുഗ്വെയ്ക്കായി ഗോള്‍ നേടിയത്. ഇക്വഡോറിനായി കൈസെഡോ (45) ഗോള്‍ മടക്കി.

പരാഗ്വെയെയാണ് പെറും കീഴടക്കിയത്. ഒരു ഗോള്‍ വഴങ്ങിയശേഷം നാലെണ്ണം തിരിച്ചടിച്ചായിരുന്നു പെറുവിന്റെ വിജയം. റിവെറോസിലൂടെ 10ാം മിനിറ്റില്‍ മുന്നില്‍ കടന്ന പരാഗ്വെയെ റാമോസ് (49), ഫ്‌ളോറെസ് (71), കുവേവ (79) എന്നിവരുടെ ഗോളുകളിലൂടെ പെറു ഞെട്ടിച്ചു.

84ാം മിനിറ്റില്‍ ബെനിറ്റെസിന്റെ സെല്‍ഫ് ഗോള്‍ കൂടി എത്തിയതോടെ പരാഗ്വെയുടെ പരാജയം 4-1ലെത്തിച്ചു. വെനസ്വേല 5-0ന് ബൊളീവിയയെ കീഴടക്കിയാണ് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കിയത്.

മാര്‍ട്ടിനെസിന്റെ ഹാട്രിക്കാണ് വെനസ്വേലയുടെ ജയത്തിന് ആധികാരികത നല്കിയത്. 10, 67, 70 മിനിറ്റുകളിലായിരുന്നു മാര്‍ട്ടിനെസിന്റെ ഗോളുകള്‍. മൗഫാട്ടി (3), ഒട്ടേറോ (74) എന്നിവര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. യോഗ്യതാ റൗണ്ടില്‍ വെനസ്വേലയുടെ ആദ്യ ജയമാണിത്.

അര്‍ജന്റീനയെ 3-0നു കീഴടക്കിയ ബ്രസീലാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 പോയിന്റാണ് ബ്രസീലിനുള്ളത്. 23 പോയിന്റുള്ള ഉറുഗ്വെ, 18 പോയിന്റുമായി കൊളംബിയ, 17 പോയിന്റ് വീതമുള്ള ഇക്വഡോര്‍, ചിലി എന്നിവയാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. അര്‍ജന്റീന 16 പോയിന്റുമായി ആറാം സ്ഥാനത്തും പരാഗ്വെ 15 പോയിന്റുമായി ഏഴാം സ്ഥാനത്തും പെറു 14 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണ്.

Top