ബ്രാന്‍ഡഡ് പച്ചക്കറി വില്‍പ്പന; സംസ്ഥാനത്തെ ആദ്യ വിപണനകേന്ദ്രം കൊട്ടാരക്കരയില്‍

കൊട്ടാരക്കര: സംസ്ഥാനത്ത് കാര്‍ഷികോത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനായി വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ തുടക്കമിടുന്നു.

എല്ലാ ജില്ലകളിലും തളിര്‍ എന്ന പേരോടെ വിപണനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

ജില്ലകളിലെ വി.എഫ്.പി.സി.കെ. വിപണനകേന്ദ്രങ്ങളില്‍നിന്ന് പച്ചക്കറിയും പഴങ്ങളും ശേഖരിച്ച് വൃത്തിയാക്കി പായ്ക്ക് ചെയ്ത് വില്‍പ്പന നടത്തുന്നതാണ്‌ പദ്ധതി.

വിപണിയില്‍ ലഭ്യമല്ലാത്തവ ഹോര്‍ട്ടികോര്‍പ് മുഖാന്തരം പൊതുവിപണിയില്‍നിന്ന് ശേഖരിക്കും.

കൂടാതെ ഭക്ഷ്യോത്പാദന, വിപണന രംഗത്തുള്ള സര്‍ക്കാര്‍ ഏജന്‍സികളായ മില്‍മ, ഓയില്‍പാം, കെപ്‌കോ(ചിക്കന്‍), കേരഫെഡ് എന്നിവയുടെ ഉത്പന്നങ്ങളും തളിര്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും.

ശീതീകരണ സംവിധാനങ്ങളോടുകൂടിയ ഔട്ട്‌ലറ്റാണ് കൊട്ടാരക്കരയില്‍ തയ്യാറായിരിക്കുന്നത്.

സംസ്ഥാനത്തെ ആദ്യത്തെ തളിര്‍ ബ്രാന്‍ഡ് റീട്ടെയില്‍ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം കൊട്ടാരക്കരയില്‍ ഡിസംബര്‍ 19ന് നടക്കും.

ശുദ്ധവും ജൈവവുമായ പച്ചക്കറികള്‍ ലഭ്യമാക്കുകയാണ് പദ്ധതയുടെ ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ 260 വിപണികളാണ് വി.എഫ്.പി.സി.കെ.യ്ക്കുള്ളത്.

കര്‍ഷകര്‍ നേരിട്ട് ഉത്പന്നങ്ങളെത്തിച്ച് വിപണനം ചെയ്യുന്ന കേന്ദ്രങ്ങളാണിവ.

സാമ്പാറും അവിയലും തയ്യാറാക്കുന്നതിന് പാകത്തില്‍ കഷ്ണങ്ങളാക്കി കവറുകളില്‍ ലഭ്യമാക്കും.

റെഡി റ്റു കുക്ക് എന്ന പേരില്‍ വി.എഫ്.പി.സി.കെ.യാണ് പച്ചക്കറി കഷ്ണങ്ങളാക്കി വിപണിയിലെത്തിക്കുന്നത്. തളിര്‍ ബ്രാന്‍ഡ് കടകളിലൂടെ ഇവ വിതരണം ചെയ്യും.

Top