മസ്തിഷ്‌ക അര്‍ബുദം ആണെന്ന് കള്ളം പറഞ്ഞു; ഇന്ത്യന്‍ വംശജ തട്ടിയെടുത്തത് 22 കോടി

ലണ്ടന്‍: മസ്തിഷ്‌ക അര്‍ബുദം ഉണ്ടെന്ന കള്ളം പറഞ്ഞ് ലണ്ടനില്‍ ഇന്ത്യന്‍ വംശജ തട്ടിയെടുത്തത് കോടികള്‍. ജാസ്മിന്‍ മിസ്ട്രി (36) എന്ന യുവതിയാണ് 22 കോടിയിലധികം രൂപ രോഗത്തിന്റെ പേരില്‍ തട്ടിയെടുത്തത്. ഇവരെ സ്‌നേര്‍സ് ബ്രൂക്ക് ക്രൗണ്‍ കോടതി നാല് വര്‍ഷം കഠിന തടവിന് വിധിച്ചു.

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തനിക്ക് അര്‍ബുദമാണെന്ന് ജാസ്മിന്‍ തന്റെ ഭര്‍ത്താവ് വിജയ് കറ്റേച്ചിയയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിനെ കൂടുതല്‍ വിശ്വസിപ്പിക്കാനായി ഡോക്ടര്‍ അയച്ച വാട്‌സാപ്പ് സന്ദേശവും ജാസ്മിന്‍ ഭര്‍ത്താവിനെ കാണിച്ചു. എന്നാല്‍ ഈ മെസേജ് മറ്റൊരു സിം ഉപയോഗിച്ച് ജാസ്മിന്‍ തന്നെ അയച്ചതാണെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

2014 ല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയില്‍ പോകണമെന്നും അതിനാല്‍ സഹായിക്കണമെന്നും ജാസ്മിന്‍ മുന്‍ ഭര്‍ത്താവിനോട് പറഞ്ഞു. ആദ്യം ചെയ്തതു പോലെ തന്നെ മുന്‍ ഭര്‍ത്താവിനെയും ജാസ്മിന്‍ വ്യാജ സന്ദേശം അയച്ച് കബളിപ്പിച്ചു. തന്റെ ചികിത്സയ്ക്ക് ഏകദേശം 45 കോടി രൂപ വേണമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

2015 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ ഭര്‍ത്താവും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് ജാസ്മിന് തുടര്‍ ചികിത്സയ്ക്കായുള്ള പണം കണ്ടെത്തി. എന്നാല്‍ ജാസ്മിന്‍ തന്റേതെന്ന പേരില്‍ മുന്‍ ഭര്‍ത്താവിനെ കാണിച്ച തലച്ചോറിന്റെ സ്‌കാനിങ് ചിത്രം അദ്ദേഹത്തിന്റെ സുഹൃത്തായ ഡോക്ടര്‍ കണ്ടതോടെയാണ് കള്ളം പൊളിഞ്ഞത്.

ജാസ്മിന്‍ നല്‍കിയ സ്‌കാനിങ് ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുത്തതാണെന്ന് അദ്ദേഹം കണ്ടെത്തി. ഇതിന് പിന്നാലെ ആളുകളെ കബളിപ്പിക്കുന്നതിനായി വ്യാജ സന്ദേശങ്ങളയച്ച സിം കാര്‍ഡ് ഭര്‍ത്താവ് വിജയ് കറ്റേച്ചിയയും കണ്ടെത്തി. തുടര്‍ന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

Top