ബ്രഹ്മോസ് മിസൈല്‍ വ്യോമ പതിപ്പിന്റെ പരീക്ഷണം വീണ്ടും

ന്യൂഡല്‍ഹി: ബ്രഹ്മോസ് മിസൈല്‍ വ്യോമ പതിപ്പിന്റെ പരീക്ഷണം വീണ്ടും നടത്താനൊരുങ്ങി വ്യോമ സേന. സുഖോയ് യുദ്ധവിമാനത്തില്‍ നിന്നാകും ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ വിക്ഷേപണം നടത്തുക. ബാലാകോട്ട് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണങ്ങള്‍ പോലെ ഭാവിയില്‍ വീണ്ടും ചെറുത്തു നില്‍പ്പുകള്‍ ആവശ്യമെങ്കില്‍ അതിന് സഹായകമാകുമോ എന്ന് പരീക്ഷിച്ചറിയാനാണ് പുതിയ നീക്കം.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) ബ്രഹ്മോസിനെ സുഖോയ് വിമാനത്തില്‍ ഘടിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യയുടെ പക്കല്‍ ഉള്ള 40 സുഖോയ് 30എംകെഐ വിമാനങ്ങളില്‍ ബ്രഹ്മോസിനെ ആയുധമായി ഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

മിസൈലിന്റെ യുദ്ധവിമാനത്തില്‍ നിന്നുള്ള പരീക്ഷണം നേരത്തെ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. 2020 ഓടെ ബ്രഹ്മോസിനെ സുഖോയിയുമായി ബന്ധിപ്പിക്കുന്ന ശ്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ രണ്ട് സുഖോയ് വിമാനങ്ങളില്‍ മാത്രമാണ് ബ്രഹ്മോസ് ഘടിപ്പിച്ചിട്ടുള്ളത്. രണ്ടര ടണ്‍ ആണ് ബ്രഹ്മോസിന്റെ വ്യോമ പതിപ്പിന്റെ ഭാരം. അതിനാല്‍ തന്നെ മറ്റ് ആയുധങ്ങളുടെ കൂടെ ഒരു ബ്രഹ്മോസ് മിസൈലിനെ മാത്രമേ സുഖോയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കു.

Top