വമ്പന്‍ ബഡ്ജറ്റിൽ ‘ബ്രഹ്‍മാസ്ത്ര’യ്ക്ക് 2, 3 ഭാഗങ്ങള്‍ ഒരുങ്ങുന്നു; റിലീസ് പ്രഖ്യാപിച്ചു

കൊവിഡ് അനന്തര കാലത്ത് ബോളിവുഡ് സാക്ഷ്യം വഹിച്ച അപൂര്‍വ്വം സാമ്പത്തിക വിജയങ്ങളില്‍ ഒന്നായിരുന്നു ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 ശിവ. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട് സംവിധായകന്‍ അയന്‍ മുഖര്‍ജി രൂപപ്പെടുത്തിയ ഏറെ സവിശേഷതകളുള്ള ഒരു ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമായിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ 2, 3 ഭാഗങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍. ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസിലാവും തുടര്‍ ഭാഗങ്ങള്‍ വരികയെന്നും രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം ഒരുമിച്ചാവും നടക്കുകയെന്നും അയന്‍ മുഖര്‍ജി അറിയിച്ചു.

ആദ്യ ഭാഗത്തിന് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയില്‍ നിന്നാണ് 2, 3 ഭാഗങ്ങള്‍ കൂടുതല്‍ പകിട്ടോടെ എത്തിക്കാനുള്ള ഊര്‍ജ്ജം ലഭിച്ചതെന്ന് പറയുന്ന അയന്‍ മുഖര്‍ജി ഈ ഭാഗങ്ങളുടെ റിലീസ് എപ്പോഴെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രഹ്‍മാസ്ത്ര ട്രിലജിയുടെ ആദ്യ ഭാഗത്തിന്‍റെ പേര് ശിവ എന്നായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്‍റെ പേര് ദേവ് എന്നാണ്. ഈ ഭാഗം 2026 ഡിസംബറിലും മൂന്നാം ഭാഗം 2027 ഡിസംബറിലും തിയറ്ററുകളില്‍ എത്തും.

ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, ബ്രഹ്‍മാസ്ത്ര എന്നിങ്ങനെയാണ് ആ അസ്ത്രവേഴ്സ്. ഇതിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1- ശിവ. ഹിമാലയന്‍ താഴ്വരയില്‍ ധ്യാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം യോഗികളില്‍ നിന്നാണ് ഈ ഫ്രാഞ്ചൈസിയുടെ തുടക്കം. യോഗികളുടെ ധ്യാനത്തില്‍ സന്തുഷ്ടരായ ദേവകളുടെ സമ്മാനമായാണ് വിവിധ അസ്ത്രങ്ങള്‍ ലോകര്‍ക്ക് ലഭിക്കുന്നത്. പഞ്ചഭൂതങ്ങളെ അധികരിച്ചുള്ളതാണ് ഈ അസ്ത്രങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയതാണ് ബ്രഹ്‍മാസ്ത്ര. ഈ അസ്ത്രങ്ങളുടെ സംരക്ഷകരുടെ സമൂഹമാണ് ബ്രഹ്‍മാഞ്ജ്. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ സമൂഹം കൂടിയാണ് ഇത്. മാറിയ ലോകത്തും ഈ ബ്രഹ്‍മാഞ്ജ് ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ഈ ഫ്രാഞ്ചൈസി പറയുന്നത്.

Top