ബ്രഹ്മപുരം: തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട്; പൊലീസ് റിപ്പോർട്ട്

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ തീവെച്ചതിന് തെളിവില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആരെങ്കിലും തീ വെച്ചതായി തെളിവ് ലഭിച്ചിട്ടില്ല. ബ്രഹ്മപുരത്ത് 12 ദിവസം നീണ്ടു നിന്ന തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട് മൂലമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

തീപിടിത്തത്തിന് കാരണം മാലിന്യത്തിന് തീയിട്ടതാണെന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. തീപിടിത്തം ഉണ്ടായ സെക്ടര്‍ ഒന്നിലെ സിസിടിവിയില്‍ തീ കത്തിത്തുടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറി സാധ്യത പൂര്‍ണമായും റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് സൂചന.

പ്ലാന്റിലെ ജീവനക്കാരും കരാര്‍ കമ്പനി അധികൃതരും നാട്ടുകാരും അടക്കം അമ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം നടത്തി. എന്നാല്‍ തീയിട്ടതിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. തീ അണഞ്ഞശേഷം വിദഗ്ധരുടെ സഹായത്തോടെ പ്ലാന്റില്‍ പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മാലിന്യത്തിന്റെ അടിത്തട്ടില്‍ താപനില ഉയര്‍ന്ന നിലയിലാണ്. മാലിന്യകൂമ്പാരത്തിന്റെ മുകള്‍ത്തട്ടില്‍ 34 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടായിരുന്നപ്പോള്‍, രണ്ടടി താഴ്ചയില്‍ 45 ഡിഗ്രിയായിരുന്നു താപനില. വലിയ മാലിന്യകൂമ്പാരത്തിന്റെ അടിത്തട്ടിലേക്ക് എത്തുമ്പോള്‍ താപനില ഇനിയും ഉയരും. പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീഅണയ്ക്കാനുള്ള സംവിധാനവും സ്ഥിരം നിരീക്ഷണവും ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബ്രഹ്മപുരത്ത് 2015 വരെ പ്രവര്‍ത്തിച്ചിരുന്ന കെഎസ്ഇബിയുടെ ഡീസല്‍ വൈദ്യുത പ്ലാന്റ് രൂപമാറ്റം വരുത്തി വേസ്റ്റ് ടു എനര്‍ജി പ്ലാന്റാക്കി മാറ്റാവുന്നതാണ്. വിദേശരാജ്യങ്ങളിലടക്കം സമാനമായ രൂപമാറ്റം വരുത്തിയ പ്ലാന്റുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top