ബ്രഹ്മപുരം തീപിടുത്തം; തീ അണക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെന്ന് കളക്ടർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഇന്ന് പൂർണമായും അണയ്ക്കുമെന്ന് എറണാകുളം കളക്ടർ. ഇന്നത്തോടെ പൂർണ്ണമായും തീയണക്കുമെന്നും തീ അണക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെന്ന് കളക്ടർ പറഞ്ഞു. തീയണച്ച ശേഷവും നിരീക്ഷണം തുടരും. മാലിന്യ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

അതേ സമയം ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തമെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഈ ദുരന്തത്തിന് കാരണമെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ടിജെ വിനോദ് എംഎൽഎ സഭയിൽ പറഞ്ഞു.

ഹൈക്കോടതി ഇടപെട്ട ശേഷമാണ് സർക്കാർ ഊർജിതമായി വിഷയത്തിൽ ഇടപെട്ടത്. എൻഡോസൾഫാൻ ദുരന്തത്തിന് സമാനമാണ് ബ്രഹ്മപുരത്തേത്. തീ കെടുത്താൻ ആദ്യ രണ്ടു ദിവസം ഒരു ഏകോപനം ഉണ്ടായില്ല. മന്ത്രി പറഞ്ഞതിന്റെ ഇരട്ടി ആളുകളാണ് വീടുകൾക്ക് ഉള്ളിൽ ബുദ്ധിമുട്ടുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടി ജെ വിനോദ് എംഎൽഎയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

851 പേരാണ് ഇതുവരെ കൊച്ചിയിൽ ചികിത്സ തേടിയത്. സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി ചികിത്സ നടത്തിയവരുമുണ്ട്. ഫീൽഡ് സർവേ നാളെ മുതൽ ആരംഭിക്കും. 200 ആശാ പ്രവർത്തകരെ ഇതിനായി സജ്ജമാക്കി. മൊബൈൽ ക്ലിനിക്കുകൾ ഇന്നുമുതൽ ആരംഭിക്കും. കിടപ്പ് രോഗികൾക്ക് പ്രത്യേക ക്രമീകരണമുണ്ട്. ജനങ്ങൾക്ക് ഒപ്പം നിന്നുള്ള പ്രവർത്തനം നടത്തിയെന്നും വലിയ ആശങ്ക ആവശ്യമില്ലെന്നും മന്ത്രി മറുപടി നൽകി. അടിയന്തരപ്രമേയത്തിന് അനുമതിയില്ല.

Top