ബ്രഹ്മപുരം തീപിടുത്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; ലോക്‌സഭയിൽ ആവശ്യം

ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴയിട്ട സംഭവത്തിൽ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്. ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിനുണ്ടായ തീപിടുത്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നേരിട്ട് ദുരന്ത നിവാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ബ്രഹ്മപുരം വിഷയത്തിൽ നൂറു കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കിയത് തങ്ങളുടെ വാദം കേൾക്കാതെയെന്ന് കൊച്ചി കോർപറേഷൻ അഭിഭാഷകൻ ആരോപിച്ചു. സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകന് ഏതാനും മിനുട്ടുകൾ മാത്രമേ വാദിക്കാൻ കഴിഞ്ഞുള്ളു. മറുപടി സമർപ്പിക്കാൻ അവസരം നൽകുമെന്ന് പറഞ്ഞെങ്കിലും ഇത് പാലിക്കാതെ ഉത്തരവിറക്കുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

മാർച്ച് ആറിനാണ് ബ്രഹ്മപുരം തീപിടുത്തത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന സർക്കാരിനും കൊച്ചി കോർപ്പറേഷനും ദേശീയ ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചത്. കേസിൽ ഒരു വാദവും ഉന്നയിക്കാൻ ട്രൈബ്യൂണൽ അനുവദിച്ചില്ലെന്ന് കോർപ്പറേഷന്റെ അഭിഭാഷകനായ ജെയിംസ് പി തോമസ് പറഞ്ഞു.

Top