ബ്രഹ്മപുരം തീപിടിത്തം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്രം

ഡൽഹി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ. സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു. പൊതുജനാരോഗ്യം ഉറപ്പാക്കാൻ വേണ്ട സഹായങ്ങൾ നൽകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് വി മുരളീധരനും കോൺഗ്രസ് എംപിമാരും കേന്ദ്ര ആരോ​ഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് നിവേദനം നൽകിയിരുന്നു.

ബ്രഹ്മപുരത്തേക്ക് എയിംസിൽ നിന്നുളള വിദ​ഗ്ധ സംഘത്തെ അയയ്ക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമവ്യവസ്ഥകൾ ബലപ്പെടുത്തണമെന്നും എംപിമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു. അതേസമയം, ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായി ശമിപ്പിച്ചെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. വൈകീട്ട് അഞ്ചരയോടെ 100 ശതമാനവും പുക അണയ്ക്കാനായെന്ന് കളക്ടർ അറിയിച്ചു. അടുത്ത 48 മണിക്കൂർ കൂടി ജാഗ്രത തുടരും.

Top