ബ്രക്‌സിറ്റ് പ്ലാന്‍ അത്ര മോശമല്ലെന്ന് പ്രധാനമന്ത്രി തെരേസ മേ

ബ്രിട്ടന്‍ : ടോറി പാര്‍ട്ടിയിലെ എംപിമാര്‍ തന്നെ തള്ളിപ്പറഞ്ഞ ചെക്കേഴ്‌സില്‍ പ്രഖ്യാപിച്ച ബ്രക്‌സിറ്റ് പ്ലാന്‍ അത്ര മോശമല്ലെന്ന് പ്രധാനമന്ത്രി തെരേസ മേ. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജനങ്ങള്‍ വോട്ട് ചെയ്ത ബ്രക്‌സിറ്റില്‍ വെള്ളം ചേര്‍ക്കാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നും, ജനങ്ങള്‍ ആഗ്രഹിച്ച രീതിയിലുള്ള പദ്ധതി തന്നെയാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച ക്യാബിനറ്റ് അംഗങ്ങള്‍ പദ്ധതി അംഗീകരിച്ചെങ്കിലും ഇതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി രണ്ട് മന്ത്രിമാര്‍ രാജിവെച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടുന്ന കാര്യങ്ങളിലെല്ലാം കൃത്യമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി വിശദീകരിക്കുന്നത്.

സ്വതന്ത്ര സഞ്ചാരത്തിന് അന്ത്യം കുറിയ്ക്കുമോയെന്നതാണ് ഇതില്‍ പ്രധാന കാര്യം. തീര്‍ച്ചയായും ഇതിന് അവസാനമുണ്ടാക്കും. ഇതിന് പുറമെ സ്വന്തം നിലയില്‍ വ്യാപാര കരാറുകള്‍ നേടാനും, യൂറോപ്യന്‍ കോടതികളുടെ പരിധിയില്‍ നിന്ന് പുറത്തുവരാനും യുകെയ്ക്ക് ശക്തി പകരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

യൂറോപ്പില്‍ നിന്നും ജോലി അന്വേഷിച്ച് ആളുകള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാന്‍ അനുവാദം നല്കില്ല. സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ക്ക് മാത്രമാണ് ഇതിനുള്ള അവകാശമുണ്ടാകുക. ഡോക്ടര്‍മാര്‍ മുതല്‍ നഴ്‌സുമാരും, സംരംഭകര്‍ക്കും മാത്രം പ്രവേശനം നല്കി അതിര്‍ത്തികളുടെ നിയന്ത്രണം ഏറ്റെടുക്കും. യുകെയില്‍ ആര് ജീവിക്കണമെന്നും, ജോലി ചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശം യുകെയ്ക്ക് മാത്രമാകും.

ബ്രിട്ടന്റെ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ട്. അതുകൊണ്ട് തന്നെ കരാറുകള്‍ നേടാനുള്ള ബുദ്ധിമുട്ട് നേരിടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പല വിഷയങ്ങളിലും ബ്രസല്‍സ് എതിര്‍പ്പ് നേരിടേണ്ടി വരുമെന്നതിനാല്‍ കരാര്‍ നേടാതെ പുറത്തുവരുന്ന സാഹചര്യവും മുന്നില്‍ കാണേണ്ടതുണ്ടെന്നും തെരേസ മേയ് വ്യക്തമാക്കി

Top