ബി.ആര്‍ അംബേദ്ക്കറുടെ ജീവിത കഥയുമായി പാ രഞ്ജിത്ത് എത്തുന്നു

അംബേദ്ക്കറുടെ ജീവിത കഥയുമായി പാ രഞ്ജിത്ത് എത്തുന്നു. നീലം പ്രൊഡക്ഷന്റെ ഏറ്റവും പുതിയ സിനിമ ബി.ആര്‍ അംബേദ്ക്കറിന്റെ ജീവിതമായിരിക്കുമെന്ന് പാ രഞ്ജിത്ത് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. ബി.ആര്‍ അംബേദ്ക്കര്‍ അന്നും ഇന്നും ( ബി.ആര്‍ അംബേദ്ക്കര്‍ നൗ ആന്‍ഡ് ദെന്‍ ) എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററി സിനിമ സംവിധാനം ചെയ്യുന്നത് മുംബൈ സ്വദേശിനിയായ ജ്യോതി നിഷയാണ്.

വിഷ്‌ബെറി പ്ലാറ്റ്‌ഫോമിലൂടെ അറുപത് ദിവസം കൊണ്ട് ഇരുപത് ലക്ഷം രൂപയാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ക്രൗഡ്ഫണ്ടായി പ്രതീക്ഷിക്കുന്നത്. സിനിമ നിര്‍മ്മാണത്തിന് സഹായം ചെയ്ത പാ രഞ്ജിത്തിനോട് നന്ദി പറഞ്ഞ് സംവിധായക ജ്യോതിനിഷയും ട്വിറ്ററിലൂടെ രംഗത്ത് വന്നിട്ടുണ്ട്.

രാജ്യത്തെ ബഹുജന്‍ വിഭാഗങ്ങളുടെ പ്രതിഷേധവും പ്രശ്‌നങ്ങളും ഡോക്യൂമെന്റ് ചെയ്യുന്ന സിനിമയില്‍ ബഹുജന്‍ ഫെമിനിസ്റ്റ് വീക്ഷണത്തിലൂടെയാകും കഥ പറയുകയെന്നും സംവിധായക പറഞ്ഞു. ‘ആരാണ് അംബേദ്ക്കറെ കൈവശപ്പെടുത്തുന്നതെന്നും, എന്തായിരിക്കാം കാരണം? എന്ത് കൊണ്ട് ഇപ്പോള്‍’; എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാകും സിനിമയെന്നും സംവിധായിക പറഞ്ഞു. പൂജ ജൈനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുക. അനുരൂപ് കുക്‌റെജയാണ് സൗണ്ട് ഡിസൈനര്‍. ശങ്കുരാജ് കൊന്‍വാറാണ് സിനിമയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുക.

Top