ബിപിസിഎല്‍ ഉദ്ഘാടനം വെറും പ്രഹസനം: കെ സി വേണുഗോപാൽ

കൊച്ചി: കേന്ദ്ര സർക്കാർ തന്നെ വില്പനയ്ക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് കെ സി വേണുഗോപാൽ എം പി. അതിന് കുട പിടിക്കുന്ന സംസ്ഥാന സർക്കാരും കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് ഉദ്ഘാടനവും മോദിയുടെ പ്രഖ്യാപനങ്ങളുമെന്ന് വേണുഗോപാൽ പ്രസ്‌താവനയിൽ പറഞ്ഞു. പൊതുമുതൽ മുടക്കി സ്ഥാപിച്ച രാജ്യത്തിൻ്റെ അഭിമാനമായ സ്ഥാപനങ്ങളെ സ്വകാര്യ കമ്പനികളുടെ ലാഭത്തിനു വിറ്റൊഴിക്കുന്ന കേട്ടുകേൾവിയില്ലാത്ത നടപടികൾ ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിപിസിഎല്ലിനെ കൂടാതെ ഇന്ന് പ്രധാനമന്ത്രി പദ്ധതി സമർപ്പണം നടത്തുന്ന കൊച്ചി റിഫൈനറി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഷിപ്പ് യാര്‍ഡ്, ഫാക്ട് എന്നിവയും കോണ്‍ഗ്രസ് സർക്കാരുകൾ ഈ രാജ്യത്തിന് നല്‍കിയ കരുത്തുറ്റ പൊതുമേഖലാ സ്ഥാപനങ്ങളാണ്. ദീർഘവീക്ഷണത്തോടെ വിഭാവനം ചെയ്ത ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകൾക്ക് തീറെഴുതുന്ന സമീപനമാണ് ബിജെപി സർക്കാർ സ്വീകരിച്ചുവരുന്നത്. രണ്ടാം മോദി സർക്കാർ അതിന്റെ വേഗം കൂട്ടിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Top