ബിപിസിഎൽ വിൽപന ; സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ

കൊച്ചി : പൊതുമേഖല സ്ഥാപനമായ ബിപിസിഎല്‍ വില്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യമതില്‍ തീര്‍ത്തു.

ചിത്രപ്പുഴ മുതല്‍ കുഴിക്കാട് വരെ 8 കിലോമീറ്റര്‍ നീണ്ട മനുഷ്യമതിലില്‍ സിപിഐഎം ജില്ലാ നേതാക്കളും റിഫൈനറിയിലെ തൊഴിലാളികളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മനുഷ്യ മതിലില്‍ അണിനിരന്നവര്‍ക്ക് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കൊച്ചി റിഫൈനറിക്ക് മുന്നില്‍ ചേര്‍ന്ന പൊതുസമ്മേളനം സിപിഐഎം സെക്രട്ടേറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

ബിപിസിഎല്‍ വില്‍ക്കുന്നതിനും പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ബിപിസിഎല്‍ വില്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പൊതുമേഖല എണ്ണക്കമ്പനികളിലെ തൊഴിലാളികള്‍ 28ന് പണിമുടക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Top