വിവാദമായ ബോയ്‌സ്ചാറ്റ് റൂം; ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരം പുറത്ത് കൊണ്ടുവന്നത് താനെന്ന് യുവാവ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവാദമായ ബോയ്സ് ചാറ്റ് റൂം ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മൂന്ന് അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അഭിഭാഷകരായ കൗസ്തുഭ് പ്രകാശ്, ആനന്ദ് വര്‍മ, ശുഭാംഗി ജയിന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രായപൂര്‍ത്തിയാവാത്ത ആറ് വിദ്യാര്‍ത്ഥികളുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ രണ്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ഇരുപത്തിയഞ്ചിലധികം വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സംഭവം പുറത്തു കൊണ്ടു വന്നത് താനാണെന്ന അവകാശ വാദവുമായി യുവാവ് രംഗത്തെത്തിയത്.

സുഹൃത്തായ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലെ ഒരു ഗ്രൂപ്പില്‍ പ്രചരിക്കുന്നത് മനസിലാക്കി ഗ്രൂപ്പിനെ പിന്തുടരുകയായിരുന്ന എന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. അന്വേഷണത്തില്‍ സമാനരീതിയില്‍ നിരവധി പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ടതായി മനസ്സിലായി. ഇതില്‍ ചില പെണ്‍കുട്ടികളെ കണ്ടെത്തി അവരെ കൂടി ഉള്‍പ്പെടുത്തി മറ്റൊരു ഗ്രൂപ്പുണ്ടാക്കി. ഈ ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചകളുടെ ഭാഗമായാണ് ബോയ്സ് ലോക്കര്‍ റൂമില്‍ നടന്ന ചാറ്റുകളുടെ വിവരം പുറത്തു വിടാനും പൊലീസില്‍ പരാതിപ്പെടാനും പെണ്‍കുട്ടികള്‍ തീരുമാനമെടുത്തതെന്നാണ് യുവാവിന്റെ അവകാശവാദം.

ബോയ്സ് ലോക്കര്‍ റൂമിന് സമാനമായി പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ ക്യാമ്പസില്‍ സജീവമാണെന്ന വെളിപ്പെടുത്തലുമായി കൊല്‍ക്കൊത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ചില പൂര്‍വ വിദ്യാര്‍ത്ഥിനികളും രംഗത്തെത്തി. സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Top