ഭാരത് മാതാ കീ ജയ്; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് വലിയ പ്രതിഷേധം

സൂറത്ത്: അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനയ്‌ക്കെതിരെ കടുത്ത പ്രതിഷേധം. ചൈനീസ് ടിവി സെറ്റുകള്‍ കെട്ടിടത്തിനു പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രതിഷേധം നടത്തുന്നത്‌. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വരാച്ഛയിലെ പഞ്ച്‌രത്‌ന കെട്ടിടത്തിലെ താമസക്കാരാണ് ചൈനാവിരുദ്ധ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.

ആളുകള്‍ കൂട്ടം കൂടിനിന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു. ചൈനയ്ക്കും ചൈനീസ് സൈനികര്‍ക്കുമെതിരെ മുദ്രാവാക്യവും മുഴക്കി. ഭാരത് മാതാ കീ ജയ് ഉറക്കെ വിളിച്ചായിരുന്നു ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചത്. ചൈനീസ് മൊബൈലുകളടക്കം ഉപേക്ഷിക്കാനും ആഹ്വാനം ചെയ്തു. ചൈനാവിരുദ്ധ പ്രക്ഷോഭങ്ങള്‍ വരുംദിവസങ്ങളില്‍ രാജ്യത്ത് ശക്തമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജമ്മുവിലും കഴിഞ്ഞദിവസം ചൈനീസ് വിരുദ്ധ പ്രതിഷേധം നടന്നിരുന്നു.

ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന അവകാശവാദം ഉന്നയിച്ചതോടെ അതിര്‍ത്തിയിലെ സ്ഥിതി സങ്കീര്‍ണമായിരിക്കുകയാണ്. ചൈനയുടെ ഭാഗത്തു നിന്നുണ്ടായ ആസൂത്രിത നീക്കമാണു സംഘര്‍ഷത്തിനു കാരണമെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. വീരമൃത്യു വരിച്ച സൈനികര്‍ക്കു രാജ്യം യാത്രാമൊഴി നല്‍കുകയാണ്. പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എലും എംടിഎന്‍എലും ചൈനീസ് കമ്പനികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Top