മൂന്ന് വയസ്സുകാരനെ നിശ്ചല ദൃശ്യത്തില്‍ കെട്ടിയിട്ട സംഭവം, കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കണ്ണൂര്‍ പയ്യന്നൂരില്‍ സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെ മൂന്ന് വയസ്സുകാരനെ നിശ്ചല ദൃശ്യത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍.

രക്ഷിതാക്കള്‍ക്കും പരിപാടിയുടെ സംഘാടകരായ വിവേകാനന്ദസേവ ട്രസ്റ്റിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. നവ മാധ്യമങ്ങളിലൂടെ പ്രചരിച്ച കുട്ടിയുടെ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

രണ്ടാഴ്ചയ്ക്കകം ആഭ്യന്തര സെക്രട്ടറി. ജില്ലാ കളക്ടര്‍, ഡിജിപി, ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവര്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പാക്കുന്നതിലെ പുരോഗതി അറിയിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നു ആരംഭിച്ച ശോഭായാത്രയിലാണ് മൂന്ന് വയസ്സുകാരനെ ആലിലയുടെ രൂപത്തിലുള്ള ടാബ്ലോയില്‍ അരയോട് ചേര്‍ന്ന് കെട്ടിയിട്ടത്. നല്ല വെയിലില്‍ രണ്ടര മണിക്കൂറുകളോളമാണ് കുട്ടിയെ ഇങ്ങനെ കെട്ടിയിട്ടത്. കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സംഭവം വിവാദമായിരുന്നു.

Top