ആംബുലന്‍സിനു വഴികാട്ടിയായി: ധീരതയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി വെങ്കിടേഷ്

ബംഗളൂര്‍ : പ്രളയത്തില്‍ നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് നദിയേത് പാലമേത് എന്നറിയാതെ പകച്ചു നിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയ ആറാം ക്ലാസുകാരന്‍ വെങ്കിടേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്‌കാരം. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ബി. ആണ് വെങ്കിടേഷിന് പുരസ്‌കാരം സമ്മാനിച്ചത്.

കര്‍ണ്ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കിലെ ഹിരേരായണകുമ്പി സ്വദേശിയാണ് വെങ്കിടേഷ്. കഴിഞ്ഞ ആഴ്ചയാണ് പുരസ്‌കാരത്തിന് അര്‍ഹമായ സംഭവം നടന്നത്.

മച്ചനൂര്‍ ഗ്രാമത്തില്‍നിന്ന് ആറു കുട്ടികളുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് വെങ്കിടേഷ് വഴികാട്ടിയായത്. ഒരു സ്ത്രീയുടെ മൃതദേഹവും ആംബുലന്‍സിലുണ്ടായിരുന്നു. നദിയില്‍ വെള്ളം കൂടി പാലം മൂടിയ നിലയിലായിരുന്നു. ഇതു കണ്ടതോടെ ആംബുലന്‍സ് ഡ്രൈവര്‍ മഞ്ജു ഒന്നു പകച്ചു. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ആംബുലന്‍സ് ഡ്രൈവര്‍ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വെങ്കടേഷിനോടും സുഹൃത്തുക്കളോടും സഹായംതേടി. വഴി എങ്ങനെയാണെന്ന് പറഞ്ഞുതരാനാണ് മഞ്ജു ആവശ്യപ്പെട്ടതെങ്കിലും വെങ്കിടേഷ് അത് കൃത്യമായി കാണിച്ചുകൊടുക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചതോടെ നിരവധി ആളുകളാണ് വെങ്കിടേഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. വെങ്കിടേഷ് ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനാണെന്നായിരുന്നു ആളുകളുടെ അഭിപ്രായം. ഈ അഭിപ്രായമാണ് ഇപ്പോള്‍ നിറവേറിയിരിക്കുന്നത്‌.

Top