Boy dies on father’s shoulder after being denied medical help in Kanpur

ഉത്തര്‍പ്രദേശ്: പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററോളം കാല്‍നടയായി നടക്കേണ്ടി വന്ന ഒഡീഷയിലെ ദന മാഞ്ചിയുടെയും മകളുടെയും ദുരവസ്ഥയ്ക്ക് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് സമാന സംഭവം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുമാണ് മനുഷ്യത്വമില്ലായ്മയുടെ കരളലിയിപ്പിക്കുന്ന വാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ അടിയന്തര ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ട് വയസ്സുകാരന്‍ അച്ഛന്റെ ചുമലില്‍ കിടന്ന് മരിച്ചു. കാണ്‍പൂരിലെ ലാലാ ലജ്പത് ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

രോഗം മൂര്‍ച്ഛിച്ച് എത്തിയ മകന്‍ അന്‍ഷിന് ചികിത്സ നല്‍കാന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം വിസമ്മതിച്ചെന്ന് കുട്ടിയുടെ അച്ഛന്‍ സുനില്‍കുമാര്‍ പറയുന്നു. കുറച്ചകലെയുള്ള കുട്ടികളുടെ മെഡിക്കല്‍ സെന്ററില്‍ പോകാനായിരുന്നു അധികൃതരുടെ നിര്‍ദേശം. ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുട്ടിയെ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോകാന്‍ സ്‌ട്രെച്ചര്‍ സൗകര്യവും നല്‍കിയില്ല. 250 മീറ്റര്‍ അകലെയുള്ള മെഡിക്കല്‍ സെന്ററിലേക്ക് കാല്‍നടയായി എത്തിക്കുമ്പോഴേക്കും അന്‍ഷ് അച്ഛന്റെ തോളില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു.

ഞായറാഴ്ച്ച രാത്രി മുതല്‍ അന്‍ഷിന് കടുത്ത പനിയായിരുന്നു. ആദ്യം വീടിനടുത്തുള്ള ക്ലിനിക്കിലെ ഡോക്ടറെ കാണിച്ചു. മരുന്ന് കഴിച്ചിട്ടും കുറയാത്തതിനെ തുടര്‍ന്നാണ് മകനെ കൊണ്ട് സുനില്‍ ലാലാ ലജ്പത് ആശുപത്രിയില്‍ എത്തിയത്.

മകനെ വേഗത്തില്‍ പരിശോധിച്ച് ചികിത്സ നല്‍കണമെന്ന് ഞാന്‍ ഡോക്ടര്‍മാരോട് യാചിച്ചു. അരമണിക്കൂറിന് ശേഷമാണ് അടുത്തുള്ള കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് പോലും അവര്‍ പറഞ്ഞതെന്ന് അന്‍ഷിന്റെ അച്ഛന്‍ സുനില്‍കുമാര്‍ പറഞ്ഞു.

മകനെ കിടത്തി കൊണ്ടുപോകാന്‍ സ്‌ട്രെച്ചര്‍ ചോദിച്ചെങ്കിലും ആശുപത്രി അധികൃതര്‍ നല്‍കിയില്ലെന്നും സുനില്‍ ആരോപിച്ചു.

മകന്റെ മൃതദേഹം വീട്ടില്‍കൊണ്ടുപോകാനും സുനിലിനെ ആരും സഹായിച്ചില്ല. മകന്റെ മൃതദേഹം തോളിലേറ്റിയാണ് സുനില്‍ വീട്ടിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒഡീഷയിലെ കളഹന്തിയില്‍, ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ ഭര്‍ത്താവ് തോളില്‍ ശവശരീരം താങ്ങിയെടുത്ത് കിലോമീറ്ററുകളോളം നടക്കേണ്ടി വന്ന ഗതികേട് ഏവരും ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇതിനുപിന്നാലെയാണ് പുതിയ സംഭവം. സുനില്‍കുമാറിന്റെ മകനുണ്ടായ ദാരുണാന്ത്യം നവമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Top