ഭക്ഷണമാണെന്ന് കരുതി സ്‌ഫോടക വസ്തു കഴിച്ചു; ആറ് വയസ്സുകാരന് ദാരുണാന്ത്യം

ചെന്നൈ: ഭക്ഷണ സാധനമാണെന്ന്് കരുതി സ്‌ഫോടക വസ്തു കഴിച്ച ആറ് വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട് തൊട്ടിയം അളകറായി സ്വദേശി ഭൂപതിയുടെ മകന്‍ വിഷ്ണുദേവാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം.

ആഹാരമാണെന്ന് കരുതി നാടന്‍ സ്‌ഫോടക വസ്തു വായിലിട്ട് ചവയ്ക്കുയായിരുന്നു. വായിലും മുഖത്തും മാരകമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.സ്‌ഫോടക വസ്തു കയ്യില്‍ വച്ചത് കേസാകുമെന്ന് ഭയന്ന് സംഭവം രഹസ്യമാക്കിവെച്ച കുടുംബം അന്ന് രാത്രി തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

എന്നാല്‍ മുസിരി ഡിവൈഎസ്പി കെ.കെ. സെന്തില്‍കുമാറിന് സംഭവത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വ്യക്തമായത്.

കാവേരി നദിക്കരയിലുള്ളവര്‍ മീന്‍പിടിക്കാന്‍ വേണ്ടി ഉണ്ടാക്കുന്ന വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുവാണ് കുട്ടി ആഹാരമെന്ന് തെറ്റിദ്ധരിച്ചത്.മൂന്ന് പേര്‍ ചേര്‍ന്നാണ് ഈ വസ്തു ഗ്രാമത്തിലേക്ക് കൊണ്ടുവന്നത്. ഇത് ബൂപതിയുടെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. ഇതാണ് കുട്ടി ആഹാര സാധനമെന്ന് കരുതി കഴിച്ചത്.

കുട്ടിയുടെ മരണത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ അന്വേഷണം നടന്നുവരികയാണ്. നാടന്‍ സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്.

Top