ജോര്‍ജ് ഫ്‌ലോയിഡിന്റെ സംസ്‌കാര ചടങ്ങുകളുടെ ചെലവ് വഹിക്കുമെന്ന് പ്രശസ്ത ബോക്‌സിങ് താരം

വാഷിങ്ടണ്‍: പൊലീസ് അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ലോയ്ഡിന്റെ സംസ്‌കാര ചടങ്ങുകളുടെ സമ്പൂര്‍ണ ചെലവ് ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന് പ്രഫഷനല്‍ ബോക്‌സിങ് താരം ഫ്‌ലോയ്ഡ് മെയ്വതര്‍ അറിയിച്ചു. സംസ്‌കാര ചെലവുകള്‍ പൂര്‍ണമായി വഹിച്ചുകൊള്ളാമെന്ന് മെയ്വെതര്‍ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കുടുംബത്തെ അറിയിച്ചതായി മെയ്വെതറിന്റെ പ്രമോഷനല്‍ കമ്പനിയായ മെയ്വെതര്‍ പ്രോഡക്ഷന്‍സ് ട്വിറ്ററില്‍ അറിയിച്ചു.

ജോര്‍ജിന്റെ കുടുംബം ഇത് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ജോര്‍ജ് ഫ്‌ലോയ്ഡിന്റെ നിഷ്ഠൂര കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന്‍, ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ് തുടങ്ങിയവര്‍ രംഗത്തെത്തി. ഫുട്‌ബോള്‍ താരങ്ങളായ പോള്‍ പോഗ്ബ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് തുടങ്ങിയവരും കടുത്ത ഭാഷയിലാണ് ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണത്തോട് പ്രതികരിച്ചത്.

ഇംഗ്ലിഷ് ക്ലബ് ലിവര്‍പൂളിന്റെ താരങ്ങള്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിന്റെ നടുവില്‍ വൃത്തത്തില്‍ മുട്ടുകുത്തിനിന്ന് ഫ്‌ലോയ്ഡിന് ആദരമര്‍പ്പിച്ചു. ജര്‍മന്‍ ബുന്ദസ്‌ലിഗയില്‍ കഴിഞ്ഞ ദിവസം ഹാട്രിക് നേടിയ ബൊറൂസിയ ഡോര്‍ട്മുണ്ട് താരം ജെയ്ഡന്‍ സാഞ്ചോ ഗോള്‍നേട്ടം ഫ്‌ലോയ്ഡിന് സമര്‍പ്പിച്ചിരുന്നു.

Top