ബൗജിന്‍ യെപ് ഇലക്ട്രിക് എസ്യുവി ഇന്ത്യയിലേക്ക് എത്തിയേക്കും

എം.ജി കോമറ്റിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ബൗജിന്‍ യെപ് ഇലക്ട്രിക് എസ്യുവി ഇന്ത്യയിലേക്ക് എത്തിയേക്കും. ഗ്ലോബല്‍ സ്മോള്‍ എലക്ട്രിക് വെഹിക്കിള്‍(GSEV) പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച കൂടുതല്‍ കരുത്തുള്ള ഈ വൈദ്യുത എസ്യുവിയുടെ രാജ്യാന്തര അവതരണം ചൈനയിലായിരുന്നു. അഡാസിന്റെ പിന്തുണയും 303 കിലോമീറ്റര്‍ റേഞ്ചും 28.1 kWh കരുത്തുള്ള ബാറ്ററിയുമെല്ലാം ഒത്തിണങ്ങിയ വാഹനമാണ് ബൗജിന്‍ യെപ്. എംജി ഇന്ത്യയായിരിക്കും യെപിനെ ഇന്ത്യയില്‍ അവതരിപ്പിക്കുക.

ഒറ്റനോട്ടത്തില്‍ മാരുതി സുസുക്കിയുടെ ജിമ്നിയുമായും ഫോര്‍ഡ് ബ്രോങ്കോയുമായുമെല്ലാം രൂപസാദൃശ്യമുണ്ട് ഈ ചൈനീസ് ഇലക്ട്രിക് എസ്യുവിക്ക്. എല്‍ഇഡി ഹെഡ്ലാംപും ഡേ ലൈറ്റ് റണ്ണിങ് ലൈറ്റുകളുമുള്ള യെപിന്റെ ടൈല്‍ ലാംപുകള്‍ക്കിടയിലെ ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ഭാഗത്തിന് കാര്‍ വാച്ച് എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ഭാഗം ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസ് ചെയ്യാനും ഓപ്ഷനുണ്ട്.

ബോക്സി ഡിസൈനുള്ള വാഹനത്തിന്റെ മുന്‍പില്‍ ഇലക്ട്രിക് വാഹനമായതുകൊണ്ടുതന്നെ ക്ലോസ്ഡ് ഗ്രില്ലുകളാണ് നല്‍കിയിരിക്കുന്നത്. വശങ്ങളില്‍ നല്ല കനത്തിലുള്ള സൈഡ് ബോഡി ക്ലാഡിങും ടയറില്‍ നിന്നു ഉയരത്തിലുള്ള വീല്‍ ആര്‍ച്ചും 15 ഇഞ്ച് അലോയ് വീലുകളുമെല്ലാം യെപിന് എസ്യുവി ലുക്ക് നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

2,110 എംഎം വീല്‍ ബേസുള്ള 3,381 എംഎം നീളവും 1,685 എംഎം വീതിയും 1,721 എംഎം ഉയരവുമുള്ള വാഹനമാണ് യെപ്. കോമറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 407എംഎം നീളവും 180എംഎം വീതിയും 81എംഎം ഉയരവും കൂടുതലുണ്ട് യെപിന്. വീല്‍ബേസും 100 എംഎം കൂടുതലാണ്. എന്നാല്‍ സുസുക്കിയുടെ ത്രീ ഡോര്‍ ജിമ്നിയേക്കാള്‍ 300എംഎം നീളം കുറവുള്ള വാഹനമാണ് യെപ് എസ്യുവി. എന്നാല്‍ വീതിയില്‍ ജിമ്നിയേക്കാള്‍ 40എംഎം കൂടുതലുണ്ട്.

പുറത്തെ ഡിസൈനില്‍ കോമറ്റ് ഇവിയുമായി കാര്യമായ ബന്ധമില്ലെങ്കിലും ഉള്ളിലേക്കു വരുമ്പോള്‍ അങ്ങനെയല്ല. ഇന്‍ഫോടെയിന്‍മെന്റും ക്ലൈമറ്റ് കണ്‍ട്രോളും അടക്കം മൊത്തത്തില്‍ ഡാഷ്ബോര്‍ഡ് ഡിസൈനില്‍ രൂപസാദൃശ്യം തോന്നുന്നുണ്ട്. രണ്ടു 10.25 ഇഞ്ച് ഡിസ്പ്ലേകള്‍ ചേര്‍ത്തു വെച്ച ട്വിന്‍ സ്‌ക്രീന്‍ ലേ ഔട്ടാണ് ഈ വാഹനത്തിലും. ഇതില്‍ ഒന്ന് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയാണ്. ബാറ്ററി ടെംപറേച്ചര്‍ മാനേജ്മെന്റ് സിസ്റ്റം, പിന്‍ ക്യാമറ, ഹീറ്റഡ് ഫ്രണ്ട് സീറ്റ്സ്, ഇലക്ട്രിക്കലി അഡ്ജസ്റ്റു ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, നാല് യു.എസ്.ബി പോട്ടുകള്‍ എന്നിവയും ലെപിലുണ്ട്.

എറ്റവും ഉയര്‍ന്ന മോഡലിലാണ് എഡാസ് സാങ്കേതികവിദ്യയുടെ പിന്തുണയുള്ളത്. റോഡിലെ വരി തെറ്റിയാലുള്ള മുന്നറിയിപ്പ്, ലൈന്‍ കീപ്പ് അസിസ്റ്റ്, മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈന്‍ഡ് സ്പോട്ട് മോനിറ്ററിംങ്, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് പാര്‍ക്കിങ് അസിസ്റ്റ് എന്നിവയും യെപിലെ അധിക സൗകര്യങ്ങളാണ്. കറുപ്പും കരിംപച്ചയുമാണ് ഉള്ളിലെ നിറങ്ങള്‍. സീറ്റുകള്‍ കറുത്ത നിറത്തിലും ഡാഷ്ബോര്‍ഡിന്റെ ഭാഗങ്ങള്‍ കരിംപച്ചയിലുമാണുള്ളത്. 35 ലിറ്റര്‍ വരെ ഉള്‍ക്കൊള്ളുന്ന സ്റ്റോറേജ് യൂനിറ്റും മുന്നിലെ സീറ്റുകള്‍ക്കിടയിലായി നല്‍കിയിട്ടുണ്ട്. പിന്നിലെ സീറ്റുകള്‍ മടക്കിവെച്ചാല്‍ 715 ലിറ്റര്‍ വരെ സാധനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ യെപിന് സാധിക്കും. റൂഫ് റാക്കില്‍ പരമാവധി 30 കിലോഗ്രാം വരെ വയ്ക്കാം.

68hp കരുത്തും പരമാവധി 140Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് മോട്ടോറുള്ള ബോജുന്‍ യെപിന്റെ പരമാവധി വേഗത മണിക്കൂറില്‍ 100 കിലോമീറ്ററാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. ഒറ്റ ചാര്‍ജില്‍ 303 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 28.1kWh ലിഥിയം അയേണ്‍ ഫോസ്പേറ്റ് ബാറ്ററിയാണ് ബോജുന്‍ യെപിലുള്ളത്. എംജി കോമറ്റ് ഇ.വിക്ക് 230കി.മീ റേഞ്ച് നല്‍കുന്ന 17.3kWh ലിഥിയം അയേണ്‍ ബാറ്ററിയാണുള്ളത്. യെപിന്റെ പ്രധാന എതിരാളികളായേക്കാവുന്ന 306 കി.മീ റേഞ്ച് പറയുന്ന ടാറ്റ ടിഗോര്‍ ഇ.വിയില്‍ 26 kWh ബാറ്ററിയും 312 കി.മീ റേഞ്ച് പറയുന്ന ടാറ്റ നെക്സോണ്‍ ഇ.വിയില്‍ 30.2kWh ബാറ്ററിയുമാണുള്ളത്.

ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 35 മിനിറ്റു കൊണ്ട് 30 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് ബാറ്ററിയുടെ ചാര്‍ജ് എത്തും. കോമറ്റ് ഇവിയില്‍ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമില്ല. എസി ചാര്‍ജിങ്ങിലേക്കു വന്നാല്‍ 20 ശതമാനത്തില്‍ നിന്നു ചാര്‍ജ് 80ലേക്കെത്തണമെങ്കില്‍ എട്ടര മണിക്കൂര്‍ വേണം.

എംജി ഇന്ത്യയായിരിക്കും ബോജുന്‍ യെപ് ഇവി എസ്യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിക്കു വേണ്ട രീതിയില്‍ വേണ്ട മാറ്റങ്ങളോടെയാവും യെപ് വരിക. എംജി ഇന്ത്യയുടെ ഗുജറാത്തിലെ ഹാലോലില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ പ്ലാന്റിനായുള്ള നിക്ഷേപ പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഇതിനു ശേഷമായിരിക്കും എംജി ഇന്ത്യ യെപ് ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

Top