കടമെടുപ്പ് പരിധി; കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. അടിയന്തരമായി 20,000 കോടി രൂപ കടമെടുക്കാന്‍ അനുമതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നല്‍കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

സാമ്പത്തിക വര്‍ഷാന്ത്യമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിച്ചു. നിയമപ്രകാരം ലഭ്യമാകേണ്ടതിനപ്പുറം അനുമതിയാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. കേരളത്തിന്റെ കടമെടുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തുന്നു. വായ്പാ പരിധി വെട്ടിക്കുറച്ച നടപടി നിയമ വിരുദ്ധമാണെന്നുമാണ് കേരളത്തിന്റെ വാദം. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേരളത്തിന് വേണ്ടി ഹാജരാകുന്നതും വാദം അവതരിപ്പിക്കുന്നതും. ഇക്കാര്യവും കേരളത്തിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഉന്നയിക്കും.

സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിവേചനപരമാണ് എന്നുമാണ് കേരളത്തിന്റെ നിലപാട്. കടമെടുപ്പില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ഏകീകൃത മാനദണ്ഡമാണ് നടപ്പാക്കുന്നത്. അതില്‍ ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് നല്‍കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ഏകീകൃത മാനദണ്ഡം വിവേചനമാണെന്ന് പറഞ്ഞ് കേരളത്തിന് കോടതിയെ സമീപിക്കാനാവില്ല. ധനകാര്യ മാനേജ്മെന്റ് ശരിയായി മുന്നോട്ട് കൊണ്ടുപോകാന്‍ കേരളത്തിന് കഴിഞ്ഞില്ല. കേന്ദ്രം സഹായിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട പ്ലാന്‍ ബി കേരളം ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഇല്ലെങ്കിലും കേരളത്തിന് മുന്നോട്ട് പോകാന്‍ സ്വന്തം വഴിയുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വാദം കേള്‍ക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. ആദ്യം കേരളത്തിന്റെ വാദം കേട്ട ശേഷം കേന്ദ്രത്തിന്റെ മറുപടി വാദം കേള്‍ക്കും. കേരളത്തിന് കൂട്ടിച്ചേര്‍ക്കാനുണ്ടെങ്കില്‍ അതുകൂടി കേട്ടശേഷമാകും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

 

Top