ബ്രിട്ടന്‍ തെരഞ്ഞെടുപ്പ് ; ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം

ലണ്ടന്‍ : ബ്രിട്ടനിലെ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ വരുമ്പോള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് നേടി.

ലേബര്‍ പാര്‍ട്ടിക്ക് നിരവധി സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. ബോറിസ് ജോണ്‍സണ്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 650 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 326 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. ആകെ 3322 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.

ബ്രെക്സിറ്റ് സൃഷ്ടിച്ച അനിശ്ചിതത്വം മൂലം നാലു വർഷത്തിനിടയിലെ മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. ബ്രെക്സിറ്റ് നടപ്പാക്കും എന്നതായിരുന്നു ബോറിസ് ജോണ്‍സന്‍റെ മുഖ്യവാഗ്ദാനം.

ബ്രെക്സിറ്റിനൊപ്പം ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ക്ക് പ്രധാന്യം നല്‍കിയായിരുന്നു ബോറിസ് ജോണ്‍സന്റെ പ്രചാരണം. മുഖ്യ സേവന മേഖലകളെല്ലാം പൊതുമേഖലയില്‍ തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനത്തിലൂന്നിയാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രചാരണം നയിച്ചത്.

വിജയിച്ചാല്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 2020 ജനുവരി 31ന് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാഗ്ദാനം. ലേബര്‍ പാര്‍ട്ടി വിജയിച്ചാല്‍ ബ്രെക്സിറ്റ് വിഷയത്തില്‍ വീണ്ടും ഹിതപരിശോധന നടത്തുമെന്ന് ജെറമി കോര്‍ബിനും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും ലേബര്‍ പാര്‍ട്ടിയെയും കൂടാതെ യൂറോപ്യന്‍ അനുകൂല പാര്‍ട്ടിയായ സെന്‍ട്രലിസ്റ്റ് ലിബറല്‍ ഡെമോക്രാറ്റ്സ്, നികോള സ്റ്റര്‍ജന്‍ നേതൃത്വം നല്‍കുന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി എന്നിവയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റ് പാര്‍ട്ടികള്‍.

Top