പ്രധാനമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബോറിസ് ജോണ്‍സണില്‍ നിന്ന് പിഴ ഈടാക്കി യുകെ പൊലീസ്

ബ്രിട്ടൻ: കൊവിഡ് പ്രതിരോധത്തിനായുള്ള നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണിൽ നിന്ന് പിഴ ഈടാക്കി യുകെ പൊലീസ്. കൊവിഡ് മാനദണ്ഡം പാലിക്കാതെ പിറന്നാൾ ആഘോഷം നടത്തിയതിനാണ് പ്രധാനമന്ത്രിക്കെതിരെ പൊലീസ് പിഴ ചുമത്തിയത്. ബോറിസ് ജോൺസണെ കൂടാതെ ബ്രിട്ടീഷ് ധനകാര്യമന്ത്രി റിഷി സുനയിൽ നിന്നും പിറന്നാൾ പാർട്ടിയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പങ്കെടുത്തതിന് പൊലീസ് പിഴ ഈടാക്കി.

തെറ്റ് ബോധ്യപ്പെട്ടെന്നും പൊലീസ് കൃത്യമായി തന്നെ അവരുടെ കർത്തവ്യം നിർവഹിച്ചെന്നും ബോറിസ് ജോൺസൺ പറഞ്ഞു. താൻ പിഴ അടച്ചതായി പ്രധാനമന്ത്രി മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുക എത്രയെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയാറായിട്ടില്ല. കൊവിഡ് പ്രതിരോധത്തിനായി നിയമ നിർമാണം നടത്തിയ പ്രധാനമന്ത്രിയും മന്ത്രിമാരും തന്നെ മാനദണ്ഡങ്ങൾ പാലിക്കാതെ വരുമ്പോൾ ജനങ്ങൾക്ക് സ്വാഭാവികമായുണ്ടാകുന്ന അമർഷം താൻ മനസിലാക്കുന്നുണ്ടെന്നും തങ്ങൾ ചെയ്ത തെറ്റിന് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.

കൊവിഡ് അതീരൂക്ഷമായിരുന്ന 2020 ജൂൺ 19ന് ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന ഒരു പാർട്ടിയുമായി ബന്ധപ്പെട്ടാണ് യുകെ മെട്രോപൊളിറ്റൻ പോലീസ് ബോറിസ് ജോൺസണ് പെനാൽറ്റി നോട്ടീസ് നൽകിയത്. അന്ന് ആ പാർട്ടിയിൽ പങ്കെടുക്കുമ്പോൾ കൊവിഡ് സാഹചര്യത്തിന്റെ ഗൗരവം താൻ വേണ്ടത്ര ഓർമിച്ചിരുന്നില്ലെന്ന് ബോറിസ് ജോൺസൺ കുറ്റസമ്മതം നടത്തി. പൊലീസ് അന്വേഷണത്തേയും അവരുടെ പരിശ്രമത്തേയും താൻ മാനിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.

Top