ജര്‍മന്‍ ടെന്നീസ് ഇതിഹാസ താരം കടക്കെണിയില്‍; കിരീടങ്ങളെല്ലാം ലേലത്തില്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടം ചൂടിയ ബോറിസ് ബെക്കറെന്ന ജര്‍മന്‍ ടെന്നീസ് ഇതിഹാസ താരം ഇന്ന് കടക്കെണിയുടെ നടുവില്‍. നേടിയ കിരീടങ്ങളെല്ലാം കടക്കെണിമൂലം ലേലത്തിന് വെച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ബ്രിട്ടീഷ് സ്ഥാപനമായ വെയില്‍സ് ഹാര്‍ഡിയാണ് ഓണ്‍ലൈന്‍ വഴി ബെക്കറുടെ ട്രോഫികളും മറ്റ് വസ്തുക്കളും ലേലത്തിന് വെച്ചിരിക്കുന്നത്. ജൂണ്‍ 24-ന് ആരംഭിക്കുന്ന ലേലം ജൂലൈ 11 വരെ നീണ്ടുനില്‍ക്കും. ബെക്കര്‍ നേടിയ ട്രോഫികള്‍, മെഡലുകള്‍, വാച്ചുകള്‍, ചിത്രങ്ങള്‍ തുടങ്ങി 82 വസ്തുക്കളാണ് ലേലത്തിനുള്ളത്.

2017 ജൂണ്‍ 21-ന് ബെക്കറെ ബാങ്ക്റപ്സി ആന്റ് കമ്പനീസ് കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. ബിസിനസിലെ തിരിച്ചടികളാണ് താരത്തെ കടക്കെണിയിലാക്കിയത്. ദുബായില്‍ പണിതുയര്‍ത്തിയ ബോറിസ് ടവര്‍, സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ്, ഓര്‍ഗാനിക് ഫുഡ് പ്രൊഡക്റ്റ് എന്നിവയെല്ലാം പരാജയമായി.

ഒരു കാലത്ത് നൂറു മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ടായിരുന്ന താരത്തിന് പ്രധാനമായും തിരിച്ചടിയായത് പ്രധാനമായും നൈജീരിയയിലെ എണ്ണപ്പാടങ്ങളിലുള്ള നിക്ഷേപമായിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Top