അതിര്‍ത്തി തര്‍ക്കം; അഞ്ച് കാര്യങ്ങളില്‍ സമവായത്തിലെത്തി ഇന്ത്യയും ചൈനയും

മോസ്‌കോ: അതിര്‍ത്തി തര്‍ക്കം ലഘൂകരിക്കാന്‍ അഞ്ച് കാര്യങ്ങളില്‍ സമവായത്തിലെത്തി ഇന്ത്യയും ചൈനയും. സൈനിക വിന്യാസം പിന്‍വലിക്കല്‍, അതിര്‍ത്തിയിലെ പിരിമുറുക്കം കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് സമവായം. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഇന്ത്യ-ചൈന ബന്ധം വികസിപ്പിക്കുന്നതിനായി പൊതുവായി എടുത്ത തീരുമാനങ്ങളില്‍ നിന്ന് ഇരുപക്ഷവും മാര്‍ഗനിര്‍ദേശം സ്വീകരിക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാകാന്‍ അനുവദിക്കരുതെന്നും ഇരുമന്ത്രിമാരും സമ്മതിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഇരുവിഭാഗത്തിന്റെയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും അതിനാല്‍ ഇരുവിഭാഗത്തിന്റെയും അതിര്‍ത്തി സൈനികര്‍ സംഭാഷണം തുടരണമെന്നും വേഗത്തില്‍ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിര്‍ത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു.

അതിര്‍ത്തി വിഷയത്തില്‍ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളുകളും പാലിക്കുകയും അതിര്‍ത്തി പ്രദേശത്ത് സമാധാനം നിലനിര്‍ത്തുമെന്നും ഇരുവരും സമ്മതിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും പുതിയ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ഇരുപക്ഷവും അംഗീകരിച്ചു.

Top