പാസില്ലാതെ ആളെ അതിര്‍ത്തി കടത്തി; പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് വീണ്ടും പാസ്സില്ലാതെ ആളെ അതിര്‍ത്തി കടത്തിയ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയതിന് കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ദേലംപാടി പഞ്ചായത്തിലെ 16ാം വാര്‍ഡംഗം കൊറഗപ്പാ റായിക്കെതിരെയാണ് കേസ്.

മഹാരാഷ്ട്രയില്‍ നിന്നെത്തിയ ആളെ കര്‍ണാടകത്തിലെ സുള്ള്യയില്‍ നിന്നാണ് ഇയാള്‍ അതിര്‍ത്തി കടത്തിയത്. ഇവരുടെ കൈവശം കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇല്ലായിരുന്നു. പഞ്ചായത്തംഗം എന്ന അധികാരം കര്‍ണാടക അതിര്‍ത്തിയില്‍ ഉപയോഗപ്പെടുത്തി ഇയാള്‍ കടന്നുപോരുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പരിശോധന ഇല്ലാതിരുന്ന കാട്ടുവഴിയിലൂടെയാണ് ദേലംപാടിയിലെത്തിയത്. ഇരുവരെയും ഇപ്പോള്‍ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.

Top